| Wednesday, 7th August 2019, 6:50 pm

മദ്യപിച്ചില്ലെന്ന് ശ്രീറാം മാത്രമേ പറയൂ, കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ശ്രീറാം നിഷേധിച്ചാലും അക്കാര്യം നാടാകെ അംഗീകരിക്കുന്നുണ്ട്. അപകടസമയത്ത് ശ്രീറാമിനെ കണ്ട എല്ലാവരും അദ്ദേഹം നല്ല നിലയില്‍ മദ്യപിച്ചിരുന്നതായാണ് പറയുന്നത് മുഖ്യമന്ത്രി പറഞ്ഞു.

റോഡ് നിയമങ്ങള്‍ അറിയാത്ത ആളല്ല ശ്രീറാം. കാര്യങ്ങള്‍ അറിയാവുന്ന ആള്‍ അത് ലംഘിക്കുമ്പോള്‍ അതിന് ഗൗരവം കൂടുകയാണ്. മദ്യപിച്ച കാര്യം ശ്രീറാം നിഷേധിച്ചാലും അത് സത്യമല്ലെന്ന് എല്ലാര്‍ക്കും വ്യക്തമാണ്. മദ്യപിക്കാത്ത ഒരാള്‍ എങ്ങനെയാണ് ഇത്ര വേഗതയില്‍ വാഹനം ഓടിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ച വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ കൃത്രിമം കാണിക്കാന്‍ ശ്രമം നടന്നാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട കെഎം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം അസമയത്ത് ജോലിചെയ്യേണ്ടിവരികയും ജോലിയുടെ ഭാഗമായി യാത്രചെയ്യേണ്ടിവരികയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അത്തരം ആളുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സംഘടനയുമായി ആലോചിച്ച് ഇതിന് അന്തിമ രൂപം നല്‍കും. അപകടകരമായ സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെയും പരിരക്ഷയുടെ പരിധിയില്‍ വരുത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest Stories

We use cookies to give you the best possible experience. Learn more