തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ് അജണ്ട ഓരോന്നായി രാജ്യത്ത് നടപ്പാക്കുകയാണെന്നും മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടിയു 14ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ച്.
‘പൗരത്വ ഭേദഗതി നിയമമായാലും ദേശീയ പൗരത്വ രജിസ്റ്ററായാലും എല്ലാം ആര്‍.എസ്.എസ് അജണ്ടയാണ്. ഒരു പ്രത്യേക മത വിഭാഗത്തെ ഉള്‍പ്പെടുത്തില്ലെന്ന് പച്ചയായി പറയുന്നു. അതി ഭീകരമായ അവസ്ഥയാണിത്. അതിനെതിരെ പ്രതിഷേധം ഉയരും, അത് സ്വാഭാവികം. രാജ്യം തിളച്ചു മറിയുകയാണ്. രാജ്യത്തെ യുവാക്കള്‍ തന്നെ ഇതിനെ ചോദ്യം ചെയ്തു രംഗത്ത് വരുന്നു.” അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ എല്ലാവരും ഒരേ രീതിയില്‍ ശബ്ദിക്കണമെന്നും ഭരണഘടന സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശാരീരിക ആക്രമണമുണ്ടാകുന്നത് ആശങ്കാജനകമാണെന്നറിയിച്ച് പിണറായി വിജയന്‍ അമിത് ഷായ്ക്ക് കത്തയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ കനക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വൈകീട്ട് യോഗം ചേരും.
കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.