|

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം നിര്‍ത്തണമെന്നും പെന്‍ഷന്‍ കൊടുക്കരുതെന്നും ചെന്നിത്തല പറയുന്നു; എന്ത് തരം മാനസികാവസ്ഥയാണിത്: പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബി.ജെ.പിക്കൊപ്പം നിന്ന കോണ്‍ഗ്രസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാന്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിപക്ഷ നേതാവ് ഇന്നലെ ഉന്നയിച്ച ആക്ഷേപം വിഷുക്കിറ്റും മെയ് മാസത്തിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആദ്യം നല്‍കാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്നാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പോള്‍ മൊത്തത്തില്‍ ജനങ്ങളുടെ അന്നം മുടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതിനായി പരാതി കൊടുക്കുമെന്നും പറയുന്നു. ഇത് എന്ത് തരം മാനസികാവസ്ഥയാണെന്നും പിണറായി ചോദിച്ചു.

‘ഇന്നലെ രണ്ട് കാര്യങ്ങളാണ് മറനീക്കി പുറത്തുവന്നത്. ഒന്ന് വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല എന്നതാണ്. പ്രതിപക്ഷ നേതാവ് ആ കാര്യം വ്യക്തമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനര്‍ത്ഥം ആര്‍.എസ്.എസിന്റെ സഹായം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു എന്ന് തന്നെയാണ്.

ഇതോടൊപ്പമുണ്ടായ മറ്റൊരു പ്രത്യേകത കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാന്‍ ഒരു വഴിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷ ഇപ്പോഴും തുടരുന്നു എന്നതാണ്. പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബി.ജെ.പിയോടൊപ്പമായിരുന്നു കോണ്‍ഗ്രസ് എന്ന് നമുക്കറിയാം. ഇപ്പോള്‍ ഭക്ഷ്യകിറ്റ്, പെന്‍ഷന്‍ ഇതൊക്കെയാണ് മുടക്കാന്‍ ശ്രമിക്കുന്നത്.

പ്രതിപക്ഷ നേതാവ് ഇന്നലെ ഉന്നയിച്ച ആക്ഷേപം വിഷുക്കിറ്റ് മെയ് മാസത്തിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആദ്യം നല്‍കാനുള്ള തീരുമാനം പരാജയഭീതികൊണ്ടാണെന്നാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോള്‍ മൊത്തത്തില്‍ ജനങ്ങളുടെ അന്നം മുടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതിനായി പരാതി കൊടുക്കുമെന്നും പറയുന്നു,’ പിണറായി പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്ക് അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനാണെന്ന് രമേശ് ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു.

വിഷുവിനുള്ള കിറ്റ് വിതരണം, ഏപ്രില്‍, മെയ് മാസത്തേക്ക് പെന്‍ഷന്‍ മുന്‍കൂറായി നല്‍കല്‍ ഇവയും തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan Against Ramesh Chennithala