| Sunday, 11th August 2019, 1:15 pm

പി.വി അന്‍വര്‍ പറഞ്ഞത് തെറ്റ്; നിലമ്പൂരിലെ അംബുട്ടാന്‍പെട്ടിയില്‍ മലവെള്ളപ്പാച്ചിലില്‍ നൂറോളം വീടുകള്‍ ഒലിച്ചുപോയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിലെ അംബുട്ടാന്‍പെട്ടിയില്‍ മലവെള്ളം വന്നു നൂറോളം വീടുകള്‍ ഒലിച്ചുപോയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

അംബുട്ടാന്‍പെട്ടിയിലെ ആളുകളെ ഒഴിപ്പിച്ചിരുെന്നന്ന് മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അതിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എ രംഗത്തു വന്നിരുന്നു.

അംബുട്ടാന്‍പെട്ടിയില്‍ പുഴ കരകവിഞ്ഞു എന്നല്ലാതെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചത്.

വയനാട് മേപ്പാടിയില്‍ നിന്ന് എത്തിയ മലവെള്ളം അംബുട്ടാന്‍പെട്ടിയെയും പരിസര പ്രദേശങ്ങളെയും തകര്‍ത്ത വാര്‍ത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ഈ പ്രദേശത്തെ പാതാര്‍ എന്ന ഗ്രാമം ഇല്ലാതായെന്ന് പ്രദേശവാസി കൂടിയായ എം. സ്വരാജ് എം.എല്‍.എ പ്രതികരിച്ചിരുന്നു.

‘അംബുട്ടാന്‍പെട്ടിയില്‍ നൂറോളം വീടുകള്‍ ഒലിച്ച് പോയി, ഒരു ഗ്രാമം ഒറ്റപ്പെട്ടു എന്ന തരത്തില്‍ മീഡിയ വണ്‍ ചാനല്‍ ഇന്നലെ അര്‍ധരാത്രി പലതവണ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അവിടെ പുഴ കരകവിഞ്ഞു. അതിനപ്പുറം ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ല. തഹസിദാര്‍, വില്ലേജ് ഓഫീസര്‍, ഞാന്‍ അടക്കമുള്ള ജനപ്രതിനിധികള്‍, ഞങ്ങളോട് ആരോടും ഈ സംഭവം അന്വേഷിച്ചിട്ടില്ല. വെള്ളം ഉയര്‍ന്നു എന്നതിനപ്പുറം ഇവര്‍ പറയുന്ന തരത്തില്‍ ഒന്നും നടന്നിട്ടില്ല.’ പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരു നാട് മുഴുവന്‍ നിന്ന് ഉരുകുന്ന സമയമാണ്. എക്‌സ്‌ക്ലൂസീവുകള്‍ക്ക് മറ്റുപല വഴികളും ഉണ്ട്. തകര്‍ന്നിരിക്കുന്ന ഒരു നാടിന്റെ നെഞ്ചില്‍ തീ കോരിയിടാന്‍ ശ്രമിക്കരുത്. ഈ മഹാദുരന്തത്തെ, കെട്ടിച്ചമച്ച സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുള്ള ഇന്‍ക്യുബേറ്ററായി ദയവായി ഇനി നിങ്ങള്‍ ഉപയോഗിക്കരുത്. മാധ്യമധര്‍മ്മം പാലിച്ചില്ലെങ്കിലും സാമാന്യ മര്യാദ പാലിക്കണം. ഇനി ആരാണെങ്കിലും. ആദ്യം എത്തിയ ആളുകള്‍ ഉള്‍പ്പെടെയുള്ളവരോടാണ്.’ എന്നാണ പി.വി അന്‍വര്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more