'ആളുകള്‍ക്ക് നല്ല സംയമനം പാലിക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദിക്കുന്നു'; പുന്നപ്ര-വയലാറില്‍ പുഷ്പാര്‍ച്ചന നടത്തിയത് പ്രകോപനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
Kerala News
'ആളുകള്‍ക്ക് നല്ല സംയമനം പാലിക്കാന്‍ കഴിഞ്ഞതില്‍ അഭിനന്ദിക്കുന്നു'; പുന്നപ്ര-വയലാറില്‍ പുഷ്പാര്‍ച്ചന നടത്തിയത് പ്രകോപനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th March 2021, 10:26 am

തൃശ്ശൂര്‍: പുന്നപ്ര വയലാര്‍ സ്മൃതി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയ സംഭവം കരുതിക്കൂട്ടി നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ച്, സമാധാനത്തിന്റേതല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ സംഭവത്തില്‍ ആളുകള്‍ക്ക് നല്ല സമ്യമനം പാലിക്കാന്‍ കഴിഞ്ഞതിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പുഷ്പാര്‍ച്ചന.

കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് തന്റെ കടമയാണെന്നുമാണ് സന്ദീപ് അവകാശപ്പെട്ടത്.

ഈ നാടിന് വേണ്ടി ബലിദാനികളായ സാധാരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും സന്ദീപ് വചസ്പതി പ്രതികരിച്ചു.

”കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഏറ്റവും വലിയ വഞ്ചനയുടെ പ്രതീകമാണിത്. പുന്നപ്രയിലും വയലാറിലും ഉണ്ടായ വെടിവെയ്പ്പില്‍ എത്രപേര്‍ മരിച്ചുവീണ് എന്നതിന് സി.പിഐ.എം നേതാക്കളുടെ പക്കല്‍ ഒരു കണക്കുമില്ല. തോക്കിന് മുന്നിലേക്ക് സാധാരണക്കാരെ തള്ളിവിടുകയായിരുന്നു. കമ്യൂണിസ്റ്റ് വഞ്ചനയില്‍ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനാണ് ഞങ്ങള്‍ എത്തിയത്. ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് എന്റെ കടമയാണ്” സന്ദീപ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan against Punnapra Vayalar issue