| Saturday, 20th June 2020, 6:40 pm

'സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് അദ്ദേഹം'; മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അധിക്ഷേപിച്ച് സംസാരിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. എന്ന് മാത്രമല്ല, ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി. നിപയ്‌ക്കെതിരായ പോരാളിയാണ് അവര്‍. ആകുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നത്. അതിനെ അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല. ആ കുടുംബത്തെ വേട്ടയാടാതിരുന്നൂടെ’, മുഖ്യമന്ത്രി ചോദിച്ചു.

ആരോഗ്യമന്ത്രിയെ നിപ രാജകുമാരി കൊവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍, ആദ്യം പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമായും ലിനിയുടെ കുടുംബത്തില്‍നിന്നും തന്നെയാണ്. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നിര്‍വഹിക്കുന്നത്? അതിന്റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെക്കുറിച്ച് രാഷ്ട്രീയ വിരോധം വച്ച് പറയുന്നതല്ല. കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍നില്‍ക്കുന്ന ആരോഗ്യമന്ത്രിയെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അതിന്റെ പ്രയോജനമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലയാള മനോരമയുടെ എഡിറ്റോറിയലിനെ ഉദ്ധരിച്ചും മുഖ്യമന്ത്രി സംസാരിച്ചു.

കേവലം ഒരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ തരം താഴ്ന്ന വിമര്‍ശനം എന്ന നിലയിലല്ല ഇതിനെ കാണുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുന്നതാണ് തന്നെ അസ്വസ്തനാക്കുന്നതെന്ന ഒരു നേതാവിന്റെ തുറന്നുപറച്ചിലായാണ് ഇതിനെ പിരഗണിക്കേണ്ടത്. കേരളത്തെക്കുറിച്ച് ലോകത്ത് നല്ല അഭിപ്രായമുണ്ടാകുന്നത് മലയാളികള്‍ക്കെല്ലാം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആക്ഷോഭംകൊണ്ട് പേശികള്‍ക്കല്‍പം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ അധിക്ഷേപിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാതെ പോയ ഒരു മനസിന്റെ ജല്‍പനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല ഇത്. രോഗ പ്രതിരോധത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയ മനശാസ്ത്രം എന്താണെന്ന് ജനം മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more