തിരുവനന്തപുരം: പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എയില്‍ നിന്നും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് എം.കെ. മുനീര്‍ എം.എല്‍.എ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പിണറായി രംഗത്തെത്തിയത്.
എന്‍.ഐ.എ കേസുകളിലെ ഭേദഗതി വകുപ്പുപ്രകാരം കേസ് സര്‍ക്കാരിന് തിരിച്ച് ഏറ്റെടുക്കാന്‍ കഴിയുമെന്നും ഇക്കാര്യം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മതിയെന്നുമായിരുന്നു എം.കെ മുനീര്‍ പറഞ്ഞത്. ആ വകുപ്പ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുനീര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടി നല്‍കവേയാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. ‘നിങ്ങളുടെ കാലത്ത് 123 യു.എ.പി.എ കേസ് എടുത്തു. അതില്‍ ഒന്‍പതെണ്ണം എന്‍.ഐ.എയ്ക്ക് വിട്ടു. കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത് ഓര്‍മ്മയില്ലേ?
ആ സമയത്ത് യു.ഡി.എഫ് സര്‍ക്കാര്‍ ഒരു കേസുപോലും എന്‍.ഐ.എയില്‍ നിന്ന് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലല്ലോ? ഇപ്പോള്‍ അമിത് ഷായ്ക്ക് മുന്‍പില്‍ ഞാന്‍ പോകണമെന്നാണോ നിങ്ങള്‍ പറയുന്നത് ”, എന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചുചോദിച്ചത്.
എല്‍.ഡി.എഫിനെ നേരിടാന്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കാനുള്ള വല്ലാത്ത വ്യഗ്രതയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും എല്ലാ കരിനിയമങ്ങളുടേയും തുടക്കക്കാര്‍ കോണ്‍ഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി.
ചായകുടിക്കാന്‍ പോയപ്പോഴല്ല അലനും താഹയും അറസ്റ്റിലയത് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പിന്നെ എന്തുകൊണ്ടാണ് ഇവര്‍ അറസ്റ്റിലായത് എന്ന് പറയാനുള്ള ബാധ്യതയുണ്ടെന്ന് എം.കെ മുനീര്‍ പറഞ്ഞിരുന്നു.
യു.എ.പി.എ ചുമത്തിയ കാരണമാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും അലനില്‍ നിന്നും താഹയില്‍ നിന്നും കണ്ടെടുത്തത് സി.പി.ഐ.എം ഭരണഘടനയാണെന്നും നാല് മാസവും രണ്ട് ദിവസവും ഇരുവരും കല്‍ത്തുറങ്കില്‍ അടക്കപ്പെടാനുള്ള കാരണം കേരള പൊലീസും സര്‍ക്കാരിന്റെ നിലപാടുമാണെന്നും എം.കെ മുനീര്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ