| Saturday, 3rd April 2021, 10:12 am

പ്രളയകാലത്ത് തന്ന അരിക്ക് പോലും അണ പൈ കണക്കുപറഞ്ഞ് വാങ്ങി; മോദി വാഗ്ദാന ലംഘനത്തിന്റെ അപോസ്തലന്‍; പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോദി വര്‍ഗീയതയുടെ ഉപാസകനാണെന്നും വാഗ്ദാന ലംഘനത്തിന്റെ അപോസ്തലനാണെന്നും ഇത്തരക്കാരെ പഠിക്കുപുറത്തുനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പിണറായി പറഞ്ഞു.

വികസന കാര്യങ്ങളില്‍ സംസ്ഥാനത്തിനൊപ്പം നില്‍ക്കാന്‍ ബാധ്യതയുള്ള കേന്ദ്രം സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വെക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന രാജ്യങ്ങളെ പോലും കേന്ദ്രം തടഞ്ഞു. അങ്ങനെയുള്ളവര്‍ ഇപ്പോള്‍ വന്ന് കേരളത്തോട് അമിതമായ താത്പര്യം കാണിക്കുമ്പോള്‍ നേരത്തെയുണ്ടായ അനുഭവം ജനങ്ങള്‍ സ്വാഭാവികമായി ഓര്‍ക്കും.

സഹായിക്കാന്‍ തയ്യാറായവരെപ്പോലും അന്ന് വിലക്കുകയായിരുന്നു. ഗുജറാത്തില്‍ ഉള്‍പ്പെടെ അത്തരം സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍
ഒരു വിഷമവും ഉണ്ടായിട്ടുമില്ല.

ഇങ്ങനെയുള്ളവര്‍ വന്ന് ഇവിടെ കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ അത് തിരിച്ചറിയും എന്ന് മാത്രം മനസിലാക്കിയാല്‍ മതി. കേരളത്തെ ഇകഴ്ത്തിക്കാട്ടാന്‍ സംഘപരിവാര്‍ താത്പര്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കേരളത്തെ മോദി സൊമാലിയയോട് താരതമ്യം ചെയ്‌തെന്നും അതൊന്നും ജനം മറക്കില്ലെന്നും പിണറായി പറഞ്ഞു.

പ്രളകാലത്തെ സഹായത്തിന് കേന്ദ്രം പണം ചോദിച്ചു. പ്രളയകാലത്ത് തന്ന അരിക്ക് അണ പൈ കണക്കുപറഞ്ഞ് പണം വാങ്ങി. സഹായിക്കാന്‍ തയ്യാറായവരെപ്പോലും അന്ന് കേന്ദ്രം വിലക്കിയെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസും ബി.ജെ.പിയും ഇരട്ട സഹോദരങ്ങളായി നീങ്ങുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ കേന്ദ്രഏജന്‍സികള്‍ക്ക് അകമ്പടി സേവിക്കുന്നത് യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടില്ലെന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കഴിഞ്ഞ തവണ കിട്ടിയ വോട്ടുപോലും ഇത്തവണ ബി.ജെ.പിക്ക് കിട്ടില്ലെന്നും പിണറായി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan Against Narendra Modi

We use cookies to give you the best possible experience. Learn more