പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ആ മാന്യത കാട്ടണം; കേരളത്തില്‍ ശബരിമലയെ കുറിച്ച് പറയാതെ മംഗലാപുരത്ത് പോയി പച്ചക്കള്ളം പറയുന്നു; മോദിക്കെതിരെ പിണറായി
D' Election 2019
പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ആ മാന്യത കാട്ടണം; കേരളത്തില്‍ ശബരിമലയെ കുറിച്ച് പറയാതെ മംഗലാപുരത്ത് പോയി പച്ചക്കള്ളം പറയുന്നു; മോദിക്കെതിരെ പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2019, 11:41 am

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി ശബരിമല വിഷയത്തില്‍ പച്ചക്കള്ളം പറയുകയാണെന്ന് പിണറായി പറഞ്ഞു.

കേരളത്തില്‍ ശബരിമലയെ കുറിച്ച് പറയാതെ മംഗലാപുരത്ത് പോയി കേരളത്തേയും ശബരിമലയേയും അപമാനിക്കുന്ന കാര്യങ്ങള്‍ പറയുകയാണ്. ശബരിമല വിഷയത്തില്‍ ഭരണഘടനാ ബാധ്യതയാണ് കേരള സര്‍ക്കാര്‍ നിറവിലേറ്റിയതെന്നും പിണറായി പറഞ്ഞു.

”സുപ്രീം കോടതി വിധിയെ ലംഘിച്ച് നടക്കുന്നവരല്ല ഞങ്ങള്‍. സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് അംഗീകരിക്കണമെന്ന ജനാധപത്യ മര്യാദ ഈ സര്‍ക്കാരിനുണ്ട്. അതാണ് ഞങ്ങള്‍ പാലിച്ചത്. നിങ്ങള്‍ എന്ത് ചെയ്തു, നിങ്ങള്‍ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ നിങ്ങളുടേതായ ക്രിമിനല്‍ പടയെ അയച്ചു.

മോദിയുടെ അടക്കം അനുഗ്രഹാശിസുകളോടെയല്ലേ അത് ചെയ്തത്. ശബരിമല വിശ്വാസികള്‍ എത്തുന്ന തിരുസന്നിധിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കി. എന്തായിരുന്നു നിങ്ങളുടെ ഉദ്ദേശം. ശബരിമലയെ കലാപഭൂമിയാക്കാനായിരുന്നു ഉദ്ദേശം. എന്നിട്ട് അത് നടന്നോ?

ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ആ നടപടി അല്‍പം വേദന സഹിച്ചുകൊണ്ട് തന്നെ പൊലീസുകാര്‍ സ്വീകരിച്ചു. പൊലീസുകാരെ തേങ്ങയടുത്ത് ഇടിക്കുന്ന നിലയുണ്ടായി. ആ വേദന എത്രയെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ അവിടെ ഒരു കുഴപ്പമുണ്ടാകരുത് എന്ന ധാരണയോടെ തികഞ്ഞ സംയമനത്തോടെ അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പൊലീസിന് കഴിഞ്ഞു. ആശബരിമലയെ സംരക്ഷിക്കാനുള്ള നടപടികളുമായിട്ടാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പറയാന്‍ ഇനിയും കുറേയുണ്ട്. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് കൂടുതല്‍ പറയുന്നില്ല.

മോദിയോട് ഒരു കാര്യമേ പറയാനുള്ളൂ. തെരഞ്ഞെടുപ്പ് ചട്ടം എല്ലാവര്‍ക്കും ബാധകമാണ്. അത് മോദിക്കും ബാധകമാണ്. കേരളത്തില്‍ വന്ന് തീര്‍ത്ഥാടന കേന്ദ്രം എന്ന് മാത്രം പറഞ്ഞ് തൊട്ടപ്പുറം മംഗലാപുരം പോയി ശബരിമലയേയും അയ്യപ്പനേയും എല്ലാം പറഞ്ഞ് കേരളത്തേയും അയ്യപ്പനേയും അപമാനിക്കുന്നത് മാന്യതയല്ല, ആ സ്ഥാനത്തിരിക്കുമ്പോള്‍ ആ മാന്യത പുലര്‍ത്താനുള്ള ആര്‍ജ്ജവം കാണിക്കണം. ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും – പിണറായി പറഞ്ഞു.