| Friday, 17th November 2017, 10:47 am

'മാറിനില്‍ക്കവിടുന്ന്'; പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ പ്രതികരണമാരായാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രി തട്ടിക്കയറിയത്.

സി.പി.ഐ സി.പി.ഐ.എം തര്‍ക്കത്തിനിടെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി രാവിലെയാണ് എത്തിയത്. എന്നാല്‍ പാര്‍ട്ടി ഓഫീസിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ വലിയ തിരക്കായിരുന്നു പുറത്ത് ഉണ്ടായിരുന്നത്.


Dont Miss ഭൂതകാലത്തില്‍ നില്‍ക്കാന്‍ ഇഷ്ടമല്ല; എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: പ്രിയാ രാമന്‍


പുറത്ത് പാര്‍ട്ടിഅണികളേയും മാധ്യമപ്രവര്‍ത്തകരേയും തിരക്കിനിടയിലൂടെയാണ് പിണറായി അകത്തേക്ക് കടന്നത്. എന്നാല്‍ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പെ ചില മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന്” മാറിനില്‍ക്കവിടുന്ന് “എന്ന് ആക്രോശിച്ച് കൊണ്ട് പിണറായി അകത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഉള്ളിലേക്ക് കടന്ന പിണറായി പൊലീസിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കയര്‍ത്ത് തന്നെയാണ് സംസാരിച്ചത്. തുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും പൊലീസ്ഇടപെട്ട് പുറത്തേക്ക് മാറ്റുകയായിരുന്നു.

നേരത്തെ സി.പി.ഐ.എം ബി.ജെ.പി സമാധാനചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ “കടക്കൂ പുറത്ത്” എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ ആട്ടിപ്പുറത്താക്കിയത് വലിയ വിവാദമായിരുന്നു. മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിലേക്കു വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കണ്ടപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ നേതാക്കള്‍ നേരത്തേ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തിയ ശേഷമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പുറത്തിറങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഹാളിലേക്കുള്ള വഴിയില്‍ ഒരു നിമിഷം നിന്ന മുഖ്യമന്ത്രി “ഇവരെ ആരാണു കടത്തിവിട്ടത്” എന്നു ചോദിച്ച് മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്രോശിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more