| Friday, 5th July 2019, 7:49 am

ആദിവാസികള്‍ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പായില്ല; വനംമന്ത്രിയെ വേദിയിലിരുത്തി ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനഭൂമിയില്‍ അവകാശം ലഭിക്കാനായി ആദിവാസികള്‍ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പുണ്ടാകാത്തതില്‍ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനംമന്ത്രി കെ. രാജുവിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപേക്ഷകളോട് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയാണെന്നും ഇതിനാല്‍ ഭൂരിപക്ഷം അപേക്ഷകളിലും തീര്‍പ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ജീവനക്കാരുടെ ആവശ്യങ്ങള്‍ ഓരോന്നും അക്കമിട്ട് അവതരിപ്പിക്കുകയും ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനം നല്‍കുമെന്നും പറഞ്ഞ സ്വാഗതപ്രാസംഗികനും ജനറല്‍ സെക്രട്ടറിയുമായ എം. മനോഹരനും മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു വിധേയനായി.

‘സംഘടനകള്‍ക്കു പ്രശ്‌നങ്ങളുണ്ടാകാം. അതു സമ്മേളനത്തില്‍ അവതരിപ്പിച്ചു പരിഹാരം കാണാമെന്നു വിചാരിക്കരുത്. അതിനു പ്രത്യേകമായി നിവേദനം തയ്യാറാക്കി ആര്‍ക്കാണോ കൊടുക്കേണ്ടത്, അയാള്‍ക്കു കൊടുക്കണം. അതാണു രീതി. ഇത്തരം പ്രാഥമിക കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം.’- മുഖ്യമന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more