| Wednesday, 20th January 2021, 12:11 pm

'കസ്റ്റംസ് പ്രോട്ടോക്കോള്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് കിട്ടി'; ആവര്‍ത്തിക്കരുതെന്ന് താക്കീതുമായി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരികൃഷ്ണനുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി 2021 ജനുവരി 11ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങളും കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനുചിതവും ക്രമരഹിതവുമായ പെരുമാറ്റം ഇനിയും ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡ്വ. വി ജോയിയുടെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി അഞ്ചിനാണ് പ്രോട്ടോക്കോള്‍ ഓഫീസറായ ഹരികൃഷ്ണന് കസ്റ്റംസ് സമന്‍സ് അയച്ചതിനെ തുടര്‍ന്ന് എറണാകുളം പ്രിവന്റീവ് ഓഫീസില്‍ ഹാജരായത്. ഒട്ടും മാന്യമല്ലാത്ത രീതിയിലാണ് അദ്ദേഹത്തോട് പെരുമാറിയത്.

ഹാജരായ അവസരത്തില്‍ ചില പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുകയും അതിന് തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അപക്വവും മര്യാദയില്ലാത്തതുമായ പെരുമാറ്റം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതായതിനാല്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan against Customs

We use cookies to give you the best possible experience. Learn more