| Friday, 2nd March 2018, 5:23 pm

'ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂട്ടാനാവില്ല': സി.പി.ഐ വേദിയില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാവില്ലെന്നും മുന്‍കാല അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ സംസ്ഥാന സമ്മേളന വേദിയില്‍ “ഇടതു പക്ഷം – സാധ്യതയും പ്രതീക്ഷകളും” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഒന്നും ചെയ്യാതിരുന്ന മനോഭാവമാണ് കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് നയിക്കുന്നത്. ബി.ജെ.പിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. പക്ഷേ അത് കോണ്‍ഗ്രസുമായി ചേര്‍ന്നാകരുത്. വര്‍ഗ്ഗീയതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ പൊരുതിയ പാരമ്പര്യമൊന്നും ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്. ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്. സാഹചര്യങ്ങളൊക്കെ അനുകൂലമായിട്ടും ഗുജറാത്തില്‍ വിജയിക്കാനാവാതെ പോയതും കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ബി.ജെ.പി എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ലെന്നായിരുന്നു സി.പി.ഐ നിലപാട്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ രാഷ്ട്രീയ ചര്‍ച്ചയിലടക്കം ഇക്കാര്യം ഉയര്‍ന്ന് വന്നിരുന്നു. ഈ അവസരത്തിലാണ് സി.പി.ഐയുടെ വേദിയില്‍ തന്നെ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ സി.പി.ഐ.എം സംസ്ഥാന സമ്മേളനം നേരത്തേ തന്നെ തള്ളിയിരുന്നു. നവ ഉദാര സാമ്പത്തിക നയത്തിന്റെ വക്താക്കാളായ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്നാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലെ നിലപാട്.

We use cookies to give you the best possible experience. Learn more