| Tuesday, 20th November 2018, 10:57 am

രാഷ്ട്രീയമായ കാര്യമാണെങ്കില്‍ നമ്മള്‍ തമ്മില്‍ നോക്കിയാല്‍ മതിയല്ലോ; ഭക്തരെ എന്തിന് ബുദ്ധിമുട്ടിക്കണം; ശബരിമലയെ രാഷ്ട്രീയ വേദിയാക്കരുത്; ബി.ജെ.പിയെ വിമര്‍ശിച്ച് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമൊപ്പം കോണ്‍ഗ്രസ് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമവാഴ്ചയുള്ള രാജ്യത്ത് അത്യുന്നത നീതിപീഠമായ സ്പ്രീം കോടതിയുടെ വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു വഴിയും സര്‍ക്കാരിനില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും എന്നിട്ടും ആര്‍.എസ്.എസും സംഘപരിവാറും ശബരിമലയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉള്ളതാണ്. പലരീതിയിലുള്ള പ്രതിഷേധം നടന്നപ്പോഴും സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല. സുപ്രീം കോടതി വിധി രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഏറെക്കുറെ എല്ലാവരും സ്ത്രീകള്‍ക്ക് ഭരണഘടനാ പ്രകാരമുള്ള തുല്യത അനുവദിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടും വിധി വന്നപ്പോള്‍ സ്വാഗതം ചെയ്യുന്ന നിലപാടും സ്വീകരിച്ചു. എന്നാല്‍ പിന്നീടാണ് കോണ്‍ഗ്രസും ബി.ജെ.പിയും നിലപാട് മാറ്റിയത്.

ശബരിമലയില്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഭീകരമായി ആക്രമിക്കപ്പെട്ടു. യുവതികളായ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റംചെയ്തു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരു ഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത സംഘടിതമായ കയ്യേറ്റത്തിന് ഇരയായി. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്ത് പറയണം എന്ന് വരെ സംഘപരിവാറിന്റെ വക്താക്കള്‍ നിര്‍ദേശിക്കുന്ന സ്ഥിതിയുണ്ടായി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്നിധാനത്ത് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ സംഘപരിവാര്‍ സൃഷ്ടിച്ചു. ഇതൊന്നും ഭക്തരല്ല ചെയ്യുന്നത്. ഭക്തി അപകടപ്പെട്ടുപോകുമോ എന്ന് ഭയക്കുന്ന പ്രക്ഷോഭകാരികളുമല്ല. സംഘപരിവാര്‍ മാത്രമാണ് ഇതിനെല്ലാം പിന്നില്‍. ഭക്തജനങ്ങളെ തടയുന്ന നിലയിലേക്കും ഇത് വളരുകയുണ്ടായി. പൊലീസ് സമാധാനപരമായി ആത്മസംയമനത്തോടെയാണ് ശബരിമലയില്‍ ഇടപെട്ടത്. ശാരീരികമായ വേദന അനുവദിച്ചുതന്നെയാണ് അവര്‍ സംയമനം പാലിച്ചത്.

ഭക്തര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ ക്ഷേത്രദര്‍ശനത്തിന് സൗകര്യമൊരുക്കണം എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഈ ഘട്ടത്തില്‍ അതിന് തടസ്സം സൃഷ്ടിക്കാന്‍ തയ്യാറായ ചിലരെ സ്വാഭാവികമായും അറസ്റ്റ് ചെയ്യേണ്ടതായി വന്നു. ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്.

ചിത്തിര ആട്ട സമയത്ത് ദര്‍ശനത്തിന് എത്തിയ 50 വയസുകഴിഞ്ഞ സ്ത്രീകളെ ആക്രമിക്കുകയായിരുന്നു സംഘപരിവാര്‍. പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് അവര്‍ക്ക് രക്ഷപ്പെടാനായത്.


ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ


വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ സംഘപരിവാര്‍ സൃഷ്ടിക്കുകയാണ്. ആചാര സംരക്ഷകര്‍ എന്ന് പറയുന്നവര്‍ തന്നെ ആചാരം ലംഘിച്ച് പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗിക്കുന്നത് നമ്മള്‍ കണ്ടു. സാധാരണ നിലയ്ക്ക് ശബരിമലയില്‍ ഭക്ത്യാദര പൂര്‍വമാണ് വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുകയാണ് സംഘപരിവാര്‍.

പ്രശ്‌നമുണ്ടാക്കുന്നവരെ അവിടെ നിന്ന് ഒഴിവാക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്. ചിത്തിര ആട്ട ഘട്ടത്തില്‍ ഉണ്ടായതുപോലുള്ള ആചാരലംഘനം ഉണ്ടാക്കുക, ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാം എന്ന ആലോചനയാണ് നടക്കുന്നത്.

ദുരുദ്ദേശത്തോടെ ഇതിനായി ഇറങ്ങിപ്പുറപ്പെട്ടവരെ സ്വാഭാവികമായും തടയേണ്ടതുണ്ടായി. തടഞ്ഞത് നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവരേയും അതിനായി മാത്രം എത്തിയവരേയുമാണ്. ഒരു യഥാര്‍ത്ഥ ഭക്തരെയും ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ മാത്രമാണ് ശബരിമലയില്‍ ഉണ്ടായത്.

ഹരിവരാസനം പാടി നടയടച്ചാല്‍ അന്നത്തെ കാര്യങ്ങള്‍ അവസാനിച്ചു. പക്ഷേ ഹരിവരാസനം പാടി നടയടച്ച ശേഷവും സന്നിധാനത്ത് ബഹമുണ്ടാക്കാനുമുള്ള നടപടികള്‍ സംഘപരിവാറുകാര്‍ സ്വീകരിച്ചു. ഇത് ബോധപൂര്‍വാണ്. ആദ്യ ദിവസം കഴിയാത്തത് പ്രത്യേതകമായ പദ്ധതിയിലുടെ നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബരിമല തങ്ങളുടെ കൈപ്പിടിയിലൊതുക്കുക അതിന് വേണ്ടി ഏതുകള്ളവും പ്രചരിപ്പിക്കുക. അത് വിളിച്ചുപറയുക. ഈ രീതിയാണ് അവിടെ നടക്കുന്നത്.

സാധാരണ ഭക്തര്‍ എന്ന് അവകാശപ്പെട്ടുവന്നവരെല്ലാം സംഘപരിവാര്‍ നേതാക്കളാണ് എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

രാജേഷ് ആര്‍.എന്നയാള്‍, ഇദ്ദേഹം ആര്‍.എസ്.എസിന്റെ മൂവാറ്റുപുഴ മുന്‍ ജില്ലാ കാര്യവാഹ് ആയിരുന്നു. ഇപ്പോള്‍ എറണാകുളം മൂവാറ്റുപുഴ ചുമതലയുള്ള വിഭാഗീയ കാര്യകര്‍തൃസമസ്യന്‍ ആണ്.

ചിത്തിര ആട്ട ദിവസം തൃശൂര്‍ സ്വദേശിയായ ഭക്തയേയും കൂടെയുള്ളവരേയും ആക്രമിക്കാന്‍ നേതൃത്വം കൊടുത്തതും ഇദ്ദേഹമായിരുന്നു എന്ന് ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്.

സജീവ് എന്നതാണ് അടുത്തയാള്‍. മൂവാറ്റുപുഴ ജീല്ലാ കാര്യവാഹ് ആണ് ഇയാള്‍. കോഴിക്കോട് സ്വദേശിയാണ്. മറ്റൊരാള്‍ വിഷ്ണു സുരേഷ്, എ.ബി.വി.പി ദേശീയ കമ്മിറ്റി അംഗമാണ്. അമ്പാട,ി യുവമോര്‍ച്ചയുടെ പെരുമ്പാവൂര്‍ സെക്രട്ടറി ആണ്. എ.വി ബിജു. ഹിന്ദു ഐക്യവേദി എറണകാുളം ജില്ലാ സെക്രട്ടറിയാണ്. ഇവരില്‍ പലരുടേയും പേരില്‍ വിവിധ സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്.

ഇത്തരം ആളുകളാണ് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്നത്. ഇവരില്‍ പലരും സാധാരണ ഗതിയില്‍ വിശ്വാസികള്‍ വരുന്ന വഴിയിലൂടെയല്ല, വനത്തിലൂടെയാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഒരു കാര്യം പുറത്തുകൊണ്ടുവന്നു. ഇത്തരക്കാര്‍ എങ്ങനെയാണ് ശബരിമലയില്‍ എത്തിച്ചേരുന്നത് എന്ന് വ്യക്തമാക്കുന്നത് സംബന്ധിച്ച്

ഇതിന് പിന്നാലെ ബി.ജെ.പി സര്‍ക്കുലര്‍ പുറത്തുവന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപ്പിട്ട സര്‍ക്കുലറില്‍ അവര്‍ ആളുകളെ ശബരിമലയില്‍ എത്തിക്കുന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഓരോ മേഖലയില്‍ നിന്നും പ്രത്യേകം ആളുകളെ നിശ്ചയിക്കുന്നു. സംഘര്‍ഷം ഉണ്ട്ക്കാന്‍ ശബരിമലയിലേക്ക് ഇവരെ അയക്കുന്നു.

ഓരോ മണ്ഡലത്തില്‍ നിന്നും പരാമവധി പ്രവര്‍ത്തകരെ അയക്കണമെന്നാണ് നിര്‍ദേശം. ഈ നേതാക്കള്‍ 41 ദിവസം വ്രതമനുഷ്ഠിച്ചു എത്തുന്ന ഭക്തരല്ല എന്ന് നാടിനറിയാം. ശബരിമലയെ പിടിച്ചെടുക്കാനുള്ള കര്‍സേവകരായിട്ടാണ് ഇവര്‍ എത്തുന്നത്. വന്‍ ഗൂഢപദ്ധതിയാണ് ഒരൂക്കിയിരിക്കുന്നത്. സര്‍ക്കുലര്‍ പുറത്തുവന്നതോടെ എല്ലാവര്‍ക്കും ഇക്കാര്യം വ്യക്തമായി.

ശ്രീധരന്‍പിള്ള ഇത് സുവര്‍ണാവസരമാണെന്നും ഇത് ഉപയോഗിക്കണമെന്നുള്ള പ്രസംഗം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. അതില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് അവര്‍ നടപ്പാക്കുന്നത്.

ഇതിനിടെ ഒരു ആര്‍.എസ്.എസ് നേതാവ് കോഴിക്കോട് പ്രസംഗിച്ചു. ശബരിമലയിലേക്ക് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരെ കൊണ്ടുപോകുമെന്നും. കൃത്യമായ പ്ലാന്‍ ശബരിമല സമരത്തിലുണ്ടെന്നും. ഇക്കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത് സമരം സ്ത്രീപ്രവേശനത്തിന് എതിരായുള്ളതല്ല. കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് എതിരായി ഉള്ളതാണ് എന്ന്. ഇക്കൂട്ടരോട് ഒരു കാര്യമാണ് പറയാനുള്ളത്. നിങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി പാവപ്പെട്ട ഭക്തരെ എന്തിനാണ് ബലിയാടാക്കുന്നത്. എന്തിനാണ് അവരെ ഉപദ്രവദിക്കുന്നത്. രാഷ്ട്രീയമായ കാര്യമാണെങ്കില്‍ നമ്മള്‍ തമ്മില്‍ നോക്കിയാല്‍ മതിയല്ലോ. രാഷ്ട്രീയസമരമാണെങ്കില്‍ ശബരിമലയെ സമരവേദിയാക്കേണ്ടല്ലോ

നിങ്ങളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിലാക്കാം. എന്തിനാണ് ശബരിമല വേദിയാക്കുന്നത്. ആശയപരമായ പ്രശ്‌നമാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ നമ്മള്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നതാണല്ലോ. ശബരിമലയിലെ അയ്യപ്പ ഭക്തരെ നിങ്ങളുടെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗപ്പെടുത്തരുത്. വിശ്വാസത്തിന്റെ പ്രശ്‌നമല്ല, രാഷ്ട്രീയമായ താത്പര്യമാണ് ഇവരെ നയിക്കുന്നതെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more