Kerala News
'കോണ്‍ഗ്രസ് ബി.ജെ.പിയുടെ ഫിക്‌സഡ് ഡിപ്പോസിറ്റായി മാറി'; സുരേന്ദ്രന്റെ 35 സീറ്റ് പരാമര്‍ശത്തില്‍ പരിഹസിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 09:18 am
Friday, 12th March 2021, 2:48 pm

തിരുവനന്തപുരം: ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് 35 സീറ്റ് മതിയെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് കോണ്‍ഗ്രസിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ധര്‍മടം മണ്ഡലത്തില്‍ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റ് കിട്ടിയാല്‍ മതി,കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്ന്.

71 സീറ്റ് വേണ്ട സംസ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം,’ മുഖ്യമന്ത്രി പറഞ്ഞു.

അവരുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് ബി.ജെ.പി ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഫിക്‌സഡ് ഡിപ്പോസിറ്റുകളെ അയക്കണോ വേണ്ടയോ എന്നത് കേരളത്തിലെ യു.ഡി.എഫിനെ പിന്താങ്ങുന്നവര്‍ തന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കേരളത്തില്‍ തങ്ങള്‍ക്ക് 35 സീറ്റ് കിട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന വാദം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് വീണ്ടും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന മണ്ഡലമായ ധര്‍മ്മടത്തും ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് എം. ടി രമേശും സമാനമായ വാദവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് 40 സീറ്റ് മതി കേരളത്തില്‍ അധികാരത്തിലെത്താനെന്നായിരുന്നു എം. ടി രമേശ് പറഞ്ഞത്.

ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ 71 സീറ്റിന്റെ ആവശ്യമില്ല. 40 സീറ്റുകിട്ടിയാല്‍ മറ്റു കക്ഷികള്‍ ബി.ജെ.പിക്കൊപ്പം വരുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan against BJP and K Surendran