ഉത്തരേന്ത്യയിലെ വംശീയഹത്യയുടെ നേതാക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തി: അമിത് ഷാക്കെതിരെ പിണറായി
D' Election 2019
ഉത്തരേന്ത്യയിലെ വംശീയഹത്യയുടെ നേതാക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തി: അമിത് ഷാക്കെതിരെ പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 12:34 pm

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെയും ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെയും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. താത്ക്കാലിക താത്പര്യങ്ങള്‍ക്കായി മതനിരപേക്ഷ മൂല്യങ്ങളില്‍ പോറലുണ്ടാക്കി.

ഭരണഘടനയുടെ അടിസ്ഥാന മൂല്യം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചെന്നും ഉത്തരേന്ത്യയിലെ വംശീയ ഹത്യയുടെ നേതാക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തിയെന്നും പിണറായി വിമര്‍ശിച്ചു.

താത്ക്കാലികമായ നേട്ടമുദ്ദേശിച്ച് നമ്മുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് പോറലേല്‍പ്പിക്കാന്‍ തയ്യാറായാല്‍ അത് വലിയ തോതിലുള്ള ആപത്താണ് ഭാവിയില്‍ ഉണ്ടാക്കുക എന്നത് നാം ഉള്‍ക്കൊള്ളേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആര്‍.എസ്.എസ് മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ ബി.ജെ.പി കോണ്‍ഗ്രസ് ധാരണയുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്ലാ കാലത്തും വര്‍ഗീയതയ്ക്ക് ഒപ്പം നടക്കുന്ന സമീപനമാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചതെന്നും ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്തു കൊടുത്തതും പിന്നീട് വര്‍ഗീയ സംഘര്‍ഷം മൂര്‍ച്ചിപ്പിക്കാന്‍ ശ്രമിച്ചതും കോണ്‍ഗ്രസ്സുകാരാണെന്നും പിണറായി പറഞ്ഞു.