| Thursday, 10th February 2022, 7:06 pm

യു.പി ജനതക്ക് ആ ശ്രദ്ധക്കുറവുണ്ടാകട്ടെ, കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്: യോഗിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തെ പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്ന ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ പ്രസ്താവന ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസന നേട്ടങ്ങളെ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി യോഗിക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘കേരളത്തിന്റെ നേട്ടങ്ങളെ കേന്ദ്ര സര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തര്‍പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത്. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രര്‍ ഉള്ള സംസ്ഥാനം കേരളമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതി ആയോഗിന്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്. കേരളത്തില്‍ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തില്‍ 97.9% സ്ത്രീകള്‍ സാക്ഷരര്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. വികസിതരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം നില്‍ക്കുന്ന കണക്കാണതെന്നും
മുഖ്യമന്ത്രി പറയുന്നു.

‘2021-ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഭരണനിര്‍വഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ്. ഇത്തരത്തില്‍ സാമൂഹ്യജീവിതത്തിന്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താന്‍ യു.പിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണം. കാരണം ബിജെപിയുടേത് അത്തരം പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്‌കരിക്കുന്നതും വിദ്വേഷത്തില്‍ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ്,’ അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

യോഗി ആദിത്യനാഥ് പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ ആഗ്രഹിക്കുന്നത് കേരളത്തെ യു.പിയെ പോലെ ആക്കാനാണ്.

വര്‍ഗീയരാഷ്ട്രീയത്തിനു വളരാന്‍ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീര്‍ത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ട് തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണ്.

അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ പുറത്തു വന്നത്.
ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞും കൃത്യമായ പ്രകടന പത്രിക മുന്‍നിര്‍ത്തിയുമാണ്.

അങ്ങനെ പറയാന്‍ സാധിക്കാത്തതുകൊണ്ടോ ജനങ്ങളുടെ രോഷം ഭയന്നോ ആകാം കേരളത്തിന് നേരെ ആക്ഷേപമുന്നയിക്കാന്‍ അദ്ദേഹം തയ്യാറായത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആര്‍ജിക്കാന്‍ തക്ക ശ്രദ്ധക്കുറവുണ്ടാകട്ടെ എന്ന് ആശിക്കുന്നുവെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗി നേരത്തെ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.
ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

ബഹുസ്വരതക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. കേരളീയരും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം ആശ്ചര്യകരമാണ്. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും കേരളം ഇന്ത്യയില്‍ മുന്‍നിരയിലാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, താമസസൗകര്യം, ആയുര്‍ദൈര്‍ഘ്യം, ലിംഗസമത്വം, വരുമാനം, സാമൂഹ്യസുരക്ഷ തുടങ്ങി ജീവിതനിലവാരത്തിന്റെ മിക്ക സൂചികകളിലും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

അതാകട്ടെ കേന്ദ്ര സര്‍ക്കാരും അതിന്റെ വിവിധ ഏജന്‍സികളും ലോകമാകെയും അംഗീകരിച്ചതുമാണ്. എന്നിട്ടും ഉത്തര്‍പ്രദേശ് കേരളം പോലെയാകരുത് എന്നാണ് യോഗി ആദിത്യനാഥ് ആഗ്രഹിക്കുന്നത്.
നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം (മള്‍ട്ടി ഡയമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ്) രാജ്യത്ത് ഏറ്റവും കുറച്ചു ദരിദ്രര്‍ ഉള്ള സംസ്ഥാനം കേരളമാണ്. നീതി ആയോഗിന്റെ തന്നെ 2020-21-ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച സ്ഥാനം കരസ്ഥമാക്കിയത് കേരളമാണ്.

കേരളത്തില്‍ 98.1% വീടുകളിലും ശുചിത്വ സൗകര്യങ്ങളുണ്ട്. കേരളത്തില്‍ 97.9% സ്ത്രീകള്‍ സാക്ഷരര്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണ നിരക്ക് 6 ആണ്. വികസിതരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ക്കൊപ്പം നില്‍ക്കുന്ന കണക്കാണത്.
2019-20-ലെ നീതി ആയോഗ് ആരോഗ്യസൂചികയില്‍ കേരളത്തിന്റെ ഹെല്‍ത്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 82.2 ആണ്.

2021-ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഭരണനിര്‍വഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതും കേരളമാണ്. ഇത്തരത്തില്‍ സാമൂഹ്യജീവിതത്തിന്റെ ഏതു സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന കേരളത്തിനൊപ്പം എത്താന്‍ യു.പിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകണം.
കാരണം ബി.ജെ.പിയുടേത് അത്തരം പുരോഗതിയെയും പുരോഗമന സമീപനങ്ങളെയും തിരസ്‌കരിക്കുന്നതും വിദ്വേഷത്തില്‍ കെട്ടിപ്പൊക്കിയതുമായ രാഷ്ട്രീയമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് എല്ലാ സൂചികകളിലും കേരളത്തിന്റെ നിലവാരത്തിലേക്കെത്തിയാല്‍ നമ്മുടെ രാജ്യത്തിന്റെ തന്നെ നിലവാരം വികസിത രാജ്യങ്ങള്‍ക്കൊപ്പമാകും എന്നു മനസ്സിലാക്കാന്‍ കഴിയാത്ത സഹതാപാര്‍ഹമായ പിന്തിരിപ്പന്‍ രാഷ്ട്രീയമാണത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ ആഗ്രഹിക്കുന്നത് കേരളത്തെ യു.പിയെ പോലെ ആക്കാന്‍ ആണ്.

വര്‍ഗീയരാഷ്ട്രീയത്തിനു വളരാന്‍ സാധിക്കാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീര്‍ത്ത ശക്തമായ സാമൂഹിക അടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ടു തന്നെ കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക എന്നത് അവരുടെ പ്രധാന അജണ്ടകളിലൊന്നാണ്.

അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ പുറത്തു വന്നത്.
ഇവിടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ഭരണ നേട്ടങ്ങള്‍ അക്കമിട്ടു പറഞ്ഞും കൃത്യമായ പ്രകടന പത്രിക മുന്‍നിര്‍ത്തിയുമാണ്. അതാണ് ശരിയായ രാഷ്ട്രീയ സമീപനം.

അങ്ങനെ പറയാന്‍ സാധിക്കാത്തതു കൊണ്ടോ ജനങ്ങളുടെ രോഷം ഭയന്നോ ആകാം കേരളത്തിന് നേരെ ആക്ഷേപമുന്നയിക്കാന്‍ അദ്ദേഹം തയ്യാറായത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കേരളത്തിനോട് കിടപിടിക്കുന്ന പുരോഗതി ആര്‍ജിക്കാന്‍ തക്ക ‘ശ്രദ്ധക്കുറവു’ ണ്ടാകട്ടെ എന്ന് ആശിക്കുന്നു.


Content Highlights: Pinarayi Vijayan again attacked Yogi

We use cookies to give you the best possible experience. Learn more