തിരുവനന്തപുരം: എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ബി.ജെ.പി-യു.ഡി.എഫ്-ലീഗ് സഖ്യത്തിന്റ കൂടുതല്‍ തെളിവുകള്‍ രംഗത്ത് വരികയാണ്. ഇത്തരമൊരു അവിശുദ്ധ സഖ്യത്തിന് രണ്ട് കൂട്ടരും തയ്യാറാണെന്ന് മാത്രമല്ല രണ്ട് കൂട്ടരും ആ സന്ദേശം പല രീതിയില്‍ അണികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
ബി.ജെ.പിയുടെ കേരളത്തിലെ പ്രമുഖനായ നേതാവ്, ഇപ്പോള്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ഇന്നലെ പറഞ്ഞത് ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണം, തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നുമാണ്.
ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മൂന്നില്‍ രണ്ട് മണ്ഡലം ആണിത്. അതായത് യു.ഡി.എഫിന്റെ വിജയത്തിന് വേണ്ടി ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി തന്നെ വേണ്ട എന്ന് കണക്കാക്കി സ്ഥാനാര്‍ത്ഥിത്വം തള്ളിപ്പോകുന്നതിന് ഇടയാക്കുന്ന കാരണങ്ങള്‍ ഉണ്ടാക്കിവെച്ച മൂന്ന് മണ്ഡലം. അതില്‍ രണ്ടിനെ കുറിച്ചാണ് പരസ്യമായി പറഞ്ഞിട്ടുള്ളത്.
ഗുരുവായൂരില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി ജയിക്കണം എന്ന് പരസ്യമായി പറയുകയാണ്. അതായത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഈ രണ്ട് മണ്ഡലത്തിലും ജയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതൊരു നാക്കുപിഴകൊണ്ട് സംഭവിച്ചതല്ല. ഒരു ഇരുത്തംവന്ന രാഷ്ട്രീയക്കാരനല്ല ഇദ്ദേഹമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബി.ജെ.പിയുടെ പ്രധാനിയാണ്. അപ്പോള്‍ എങ്ങനെയാണ് അവര്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം.
പരസ്യമായി ഇത്തരം രഹസ്യങ്ങള്‍ വിളിച്ചുപറയാന്‍ മറ്റ് നേതാക്കള്‍ സാധാരണഗതിയില്‍ തയ്യാറാകുന്നുണ്ടാവില്ല. പക്ഷേ അത്രത്തോളം ജാഗ്രത പാലിക്കാന്‍ ഇദ്ദേഹത്തിന്റെ രീതി വെച്ച് കഴിഞ്ഞില്ല. ഇദ്ദേഹം കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ബി.ജെ.പി ഇപ്പോള്‍ സ്വീകരിക്കുന്ന നില തുറന്നുപറയുകയാണ് ചെയ്തിട്ടുള്ളത്.
ഒ. രാജഗോപാലും നേരത്തെ പറഞ്ഞ ഒരു കാര്യം നമ്മള്‍ ഇവിടെ കാണണം. ഒ. രാജഗോപാല്‍ പറഞ്ഞത് പ്രാദേശികമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നത് ശരിയാണ്, അത് ഇനിയും വേണം എന്നാണ്. അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി ബി.ജെ.പിക്കാണ് ഗുണമുണ്ടായിട്ടുള്ളത് എന്ന്. അപ്പോള്‍ ബി.ജെ.പി ഒരു ഡീല്‍ ഉറപ്പിക്കുമ്പോള്‍ ബി.ജെ.പിയുടെ ഗുണം ഏതായാലും കാണുന്നുണ്ട്.
കഴിഞ്ഞ തവണ നേമത്ത് വിജയിച്ചുവരാന്‍ ബിജെ.പിക്ക് സാധിച്ചു. ബി.ജെ.പിക്ക് അതിന് വിഷമമുണ്ടായില്ല തൊട്ടപ്പുറത്തെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ അവര്‍ വോട്ട് നല്‍കി. ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും സഹായത്തോടെ ബി.ജെ.പിക്ക് കഴിയുക എന്നുള്ളത് രാജഗോപാല്‍ പറഞ്ഞതുപോലെ അവര്‍ക്ക് വലിയ നേട്ടമുണ്ടാക്കിയ കാര്യമാണ്.
ഇപ്പോള്‍ അതിന്റെ പിന്നിലെന്താണ്. ഇതൊക്കെ ആലോചിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകും. കെ.എന്‍.എ ഖാദറിന്റെ പേര് പറഞ്ഞുകൊണ്ട് അദ്ദേഹം ജയിച്ചുവരണം എന്ന് ബി.ജെ.പി ആശീര്‍വാദത്തോടെ പരസ്യമായി സംസാരിക്കുന്നത് ലീഗിന്റെ ഗുണത്തിനോ യു.ഡി.എഫിന്റെ ഗുണത്തിനോ ആണെന്ന് കാണേണ്ട. അവര്‍ ആത്യന്തികമായി അവരുടെ ഗുണമാണ് കാണുന്നത്.
അപ്പോള്‍ ലീഗിന് നല്ല സ്വാധീനമുള്ള ഒരു മണ്ഡലത്തില്‍ കച്ചവടമുറപ്പിച്ചുകഴിഞ്ഞു എന്നാണ് ഇത് കാണിക്കുന്നത്. ബി.ജെ.പിക്ക് സാധാരണ ഗതിയില്‍ നല്ല വോട്ടുംകൂടി അവിടെ ഉണ്ടായാല്‍ ദീര്‍ഘകാലമായി ജയിച്ചുവരണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ ജനങ്ങള്‍ സമ്മതിക്കുന്നില്ല. എന്നാല്‍ കള്ളക്കളിയിലൂടെ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യു.ഡി.എഫും ഈ തെരഞ്ഞെുപ്പില്‍ ഏറ്റെടുത്തിരിക്കുന്നു എന്നാണ് കാണേണ്ടത്. സ്ഥാനാര്‍ത്ഥിത്വം തള്ളിപ്പോയ മണ്ഡലങ്ങളില്‍ മാത്രമായിരിക്കില്ല മറ്റു മണ്ഡലങ്ങളിലും പ്രത്യുപകാരം ചെയ്യാം എന്ന് ബി.ജെ.പി സമ്മതിച്ചിട്ടുണ്ടാകും.
ഇവിടെ ലീഗിന്റെ സ്ഥാനാര്‍ത്ഥിയുടെ പേര് എടുത്തുപറയാന്‍ ഇടയാക്കത്തക്ക രീതിയില്‍, ബി.ജെ.പിയുടെ പിന്തുണ ആവര്‍ത്തിക്കുന്ന രീതിയില്‍ ബി.ജെ.പി പ്രീണന പരസ്യനിലപാട് സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ കെ.എന്‍.എ ഖാദര്‍ സ്വീകരിച്ചിട്ടുണ്ട്. അത് ബി.ജെ.പി വോട്ടര്‍മാര്‍ക്ക് കൂടി താന്‍ സ്വീകാര്യമാകണമെന്നതുകൊണ്ടാണ്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. കെ.എന്‍.എ ഖാദര്‍ കൂടി പിന്താങ്ങി നിയസഭ പാസാക്കിയപ്രമേയം നിലനില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി ജനങ്ങള്‍ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടതിന് എല്ലാ സഹായവും ലീഗ് ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം നിലപാടുകള്‍ തള്ളി ബി.ജെ.പിയുടെ നിലപാടിന് ഒപ്പം നില്‍ക്കുകയാണ്.
കുറച്ചുവോട്ട് കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകുന്നതിന് മടിയില്ലാത്തവരാണ് കോണ്‍ഗ്രസും ലീഗും യു.ഡി.എഫുമെന്ന് തെളിയിച്ചിരിക്കുകയാണ്. അത്തരത്തില്‍ പച്ചയായ നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപം ഇപ്പോഴും നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pinarayi Vijayan About Suresh Gopi Statement on Guruvayoor Seat