| Saturday, 18th November 2023, 6:02 pm

മാനവവികസനം, സാമ്പത്തിക അസമത്വം, മാധ്യമ സ്വാതന്ത്ര്യം: എന്താണ് രാജ്യത്തിന്റെ അവസ്ഥ; കണക്കുകള്‍ വിശദീകരിച്ച് നവകേരള സദസില്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോഡ്: രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണത്തെ കുറിച്ചും നവകേരള സദസില്‍ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കിട്ടിയ അവസരങ്ങളിലെല്ലാം ഇടതുപക്ഷത്തെ വല്ലാതെ കടന്നാക്രമിക്കുന്ന മാധ്യമങ്ങളുണ്ടെന്നും എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്ന എന്തെങ്കിലും നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന പരാതി ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ ഇതാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്ന് രാജ്യത്താകെ ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഒരു ഗവണ്‍മെന്റ് മാത്രമാണ് ഉള്ളത്. ആ ഗവണ്‍മെന്റിനെ എങ്ങനെയെല്ലാം ഇകഴ്ത്തി കാണിക്കാന്‍ പറ്റുമോ അതിന് വേണ്ടി സാധാരണ നിലയ്ക്കുള്ള തങ്ങളുടെ ധര്‍മമടക്കം ഉപേക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനും നേതൃത്വം കൊടുക്കാനും ചില മാധ്യമങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

ആ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ, ഇന്ത്യയില്‍ അതിന്റെ കണക്ക് നമ്മള്‍ കാണേണ്ട കാര്യം തന്നെയാണ്. 180 രാജ്യങ്ങളെ പട്ടികപ്പെടുത്തിയപ്പോള്‍ അതില്‍ 161ാം സ്ഥാനത്താണ് നമ്മള്‍. നമ്മള്‍ കഴിഞ്ഞാല്‍ പിന്നെ 19 രാജ്യങ്ങളേയുള്ളൂ. ഇതാണ് രാജ്യത്തിന്റെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ.

വലിയ ശത്രുതാഭാവത്തോടെയാണല്ലോ ഇവിടെ മാധ്യമങ്ങളില്‍ ചിലത് ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഗവണ്‍മെന്റിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ മാധ്യമ സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്ന എന്തെങ്കിലും നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന പരാതി അവര്‍ക്ക് പോലും ഉന്നയിക്കാനില്ല എന്നതാണ്.

രാജ്യം നേരെ മറ്റൊരു വഴിക്ക് പോകുന്നു. തങ്ങള്‍ പറയുന്നതിന് അനുസരിച്ചേ കാര്യങ്ങള്‍ നിര്‍വഹിക്കാവൂ എന്ന നിലയിലേക്ക് ഭരണാധികാരികള്‍ കാര്യങ്ങള്‍ എത്തിക്കുന്നു.

നമ്മുടെ രാജ്യത്ത് മാനവവികസന സൂചികയില്‍ 171 രാജ്യങ്ങളെ പട്ടികപ്പെടുത്തി. അതില്‍ 132ാം സ്ഥാനത്താണ് നമ്മള്‍. ഇതാണ് രാജ്യത്തിന്റെ അവസ്ഥ. അതേപോലെ സാമ്പത്തിക അസമത്വ സൂചിക. ലോകത്തുള്ള 161 രാജ്യങ്ങളെ പട്ടികപ്പെടുത്തി, അതില്‍ നമ്മുടെ രാജ്യം നില്‍ക്കുന്നത് 123ാം സ്ഥാനത്താണ്. അത്രമാത്രം സാമ്പത്തിക അസമത്വം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുകയാണ്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അത്ര വലുതാണെന്ന് അര്‍ത്ഥം. ആരോഗ്യമേഖലയില്‍ പണം വിനിയോഗിക്കുന്നു. അതിന്റെ ഭാഗമായി 161 രാജ്യങ്ങളെ പട്ടികപ്പെടുത്തി. അതില്‍ 157ാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യയുടെ സ്ഥാനം.

രാജ്യമാകെ നടപ്പാക്കപ്പെടുന്ന സാമ്പത്തിക നയം അത് ആഗോളവത്ക്കരണത്തില്‍ ഊന്നിയിട്ടുള്ളതാണ്. ഉദാരവത്ക്കരണത്തിന്റെ ഭാഗമായുള്ളതാണ്. അതിനൊരു ബദല്‍ നയം, ആ ബദല്‍ നയമാണ് നാം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. എല്ലാത്തിന്റേയും വലിയ വിശദീകരണത്തിലേക്ക് ഇപ്പോള്‍ പോകുന്നില്ല.

പക്ഷേ കേന്ദ്രം പൊതുവെ ചില സ്ഥാപനങ്ങളെയെല്ലാം കയ്യൊഴിയുന്നു. അത്തരത്തില്‍ കയ്യൊഴിയുന്ന സ്ഥാപനങ്ങളെ അടക്കം ഏറ്റെടുത്ത് ഇവിടെ പൊതുമേഖലയായി നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം നല്ല രീതിയില്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നു.

രാജ്യത്താകെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നു. നമ്മളാല്‍ ആകാവുന്ന വിധം പൊതുമേഖലയില്‍ നിര്‍ത്താനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നു. പക്ഷേ ചില കാര്യങ്ങളില്‍ നമ്മള്‍ വിജയിച്ചില്ല എന്നത് എല്ലാവര്‍ക്കും അറിയാം,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Pinarayi Vijayan about Press Freedom  on india

We use cookies to give you the best possible experience. Learn more