തിരുവനന്തപുരം: പാലാരിവട്ടം പാലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 10 മാസമെങ്കിലും വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാലത്തിന് 102 ആര്‍.സി.സി ഗട്ടറുകളാണ് ഉള്ളത്. അതില്‍ 97 ലും വിള്ളല്‍ വീണിട്ടുണ്ട്. പ്രത്യേക തരം പെയിന്റിങ് നടത്തിയതുകൊണ്ട് വിള്ളലുകളുടെ തീവ്രത കണക്കാക്കാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരം കുറഞ്ഞതാണ്. പാലത്തിന് ചുരുങ്ങിയത് 100 വര്‍ഷമെങ്കിലും ആയസുവേണം. പക്ഷേ 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടക്കം മുതലേ അപാകതയാണ്. ഡിസൈനില്‍ പോലും അപാകത ഉണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ക്ക് ആവശ്യമായ സിമന്റും കമ്പിയും ആ തോതില്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കോണ്‍ക്രീറ്റിന് ആവശ്യത്തിനുള്ള ഉറപ്പില്ല.
ബീമുകള്‍ ഉറപ്പിച്ച ലോഹബേറിങ്ങുകള്‍ എല്ലാം കേടായിരിക്കുകയാണ്. പാലത്തിന് പതിനെട്ട് പിയര്‍ കേപ്പുകളില്‍ പതിനാറിലും പ്രത്യക്ഷത്തില്‍ തന്നെ വിള്ളലുണ്ട്. ഇതില്‍ 3 എണ്ണം അങ്ങേയറ്റം അപകടകരമായ നിലയിലാണ്.
10 മാസം കൊണ്ട് മാത്രമേ പാലം പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയുള്ളൂവെന്നാണ് വിദഗ്ധ സംഘം അഭിപ്രായപ്പെടുന്നത്. ഡോ. ശ്രീധരനെ കഴിഞ്ഞ മാസം 17 നാണ് ഇത് പരിശോധിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. പാലത്തിന്റെ അടിത്തറയ്ക്ക് പ്രശ്‌നങ്ങള്‍ ഇല്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപകടാവസ്ഥ കണ്ടെത്തിയ 17 കോണ്‍ഗ്രീറ്റ് സ്പാനുകളും മാറ്റണം.
പാലത്തില്‍ വിള്ളലുകളും മറ്റും കണ്ടപ്പോഴാണ് പാലം സംബന്ധിച്ച് വിദഗ്ധ പരിശോധന വേണമെന്ന് തീരുമാനിച്ചത്. 42 കോടി രൂപ ചിലവിട്ടാണ് പാലം നിര്‍മിച്ചത്. 100 വര്‍ഷം ഉപയോഗിക്കേണ്ട പാലം രണ്ടര വര്‍ഷം കൊണ്ട് ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. സംസ്ഥാനത്ത് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒന്നാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുനര്‍നിര്‍മാണത്തിന്
ഇപ്പോള്‍ കണക്കാക്കുന്ന ചിലവ് പതിനെട്ടര കോടി രൂപയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.