തിരുവനന്തപുരം: പാലാരിവട്ടം പാലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 10 മാസമെങ്കിലും വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാലത്തിന് 102 ആര്‍.സി.സി ഗട്ടറുകളാണ് ഉള്ളത്. അതില്‍ 97 ലും വിള്ളല്‍ വീണിട്ടുണ്ട്. പ്രത്യേക തരം പെയിന്റിങ് നടത്തിയതുകൊണ്ട് വിള്ളലുകളുടെ തീവ്രത കണക്കാക്കാനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരം കുറഞ്ഞതാണ്. പാലത്തിന് ചുരുങ്ങിയത് 100 വര്‍ഷമെങ്കിലും ആയസുവേണം. പക്ഷേ 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടക്കം മുതലേ അപാകതയാണ്. ഡിസൈനില്‍ പോലും അപാകത ഉണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ക്ക് ആവശ്യമായ സിമന്റും കമ്പിയും ആ തോതില്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കോണ്‍ക്രീറ്റിന് ആവശ്യത്തിനുള്ള ഉറപ്പില്ല.
ബീമുകള്‍ ഉറപ്പിച്ച ലോഹബേറിങ്ങുകള്‍ എല്ലാം കേടായിരിക്കുകയാണ്. പാലത്തിന് പതിനെട്ട് പിയര്‍ കേപ്പുകളില്‍ പതിനാറിലും പ്രത്യക്ഷത്തില്‍ തന്നെ വിള്ളലുണ്ട്. ഇതില്‍ 3 എണ്ണം അങ്ങേയറ്റം അപകടകരമായ നിലയിലാണ്.