തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ.ശ്രീധരന്‍ പിന്‍മാറുന്നതു സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം.ആര്‍.സി പിന്മാറിയാലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡി.എം.ആര്‍.സി പിന്മാറുന്നത് ഒരിക്കലും പദ്ധതിയെ ബാധിക്കില്ല.
കരാര്‍ കാലാവധി കഴിഞ്ഞതുകൊണ്ടാണ് ഡി.എം.ആര്‍.സി പദ്ധതിയില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇതുംബന്ധിച്ച പ്രസ്താവന നടത്തിയത്.
അതേസമയം നിലവില്‍ കൊച്ചി മെട്രോ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി മെട്രോയില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നും ലൈറ്റ് മെട്രോ നടപ്പാക്കുമ്പോള്‍ മറ്റ് സാമ്പത്തിക വശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുന്ന പ്രശ്നമില്ല. പദ്ധതി സംബന്ധിച്ച തുടര്‍നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ആരോപിച്ച് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ഡി.എം.ആര്‍.സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഉത്തരവിറക്കി 15 മാസം കാത്തിരുന്നു. എന്നിട്ടും കരാര്‍ ഒപ്പിട്ടില്ല. ഡി.എം.ആര്‍.സിയെ ഒഴിവാക്കാന്‍ ഇതിനിടെ ശ്രമം നടന്നു. സര്‍ക്കാരിനോട് പരിഭവമില്ല. പദ്ധതിയില്‍ നിന്ന് ഡി.എം.ആര്‍.സി ഒഴിവാകുകയാണെന്നും ഇ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.