തൃശ്ശൂര്‍: ശബരിമല യുവതീ പ്രവേശത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച സംഭവം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രി വികസനത്തിലൂന്നി കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ദേവസ്വം മന്ത്രിയാണ് ശബരിമലവിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചത്. അതിന്റെ ആവശ്യമുണ്ടായിരുന്നോ?’ എന്ന മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘അതിന്റെ കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അദ്ദേഹം പിന്നെ പറഞ്ഞത് എന്തിനായിരുന്നു എന്ന് ഞാന്‍ ചോദിക്കാന്‍ പോയിട്ടുമില്ല.
ശബരിമല വിഷയത്തില്‍ ഈ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ നമ്മള്‍ ഇനി ചര്‍ച്ച ചെയ്യേണ്ടതുള്ളു. കടകംപള്ളി സുരേന്ദ്രനെ അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിലേക്ക് നയിച്ച കാര്യമെന്താണെന്ന് വ്യക്തമല്ല,’ പിണറായി വിജയന്‍ പറഞ്ഞു.
ശബരിമലയുടെ വിശാല ബെഞ്ചിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും കടകംപള്ളി പറഞ്ഞിരുന്നു.
‘ 2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ അതൊന്നും ജനങ്ങളുടെ മനസിലില്ല,’ എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക