കണ്ണൂര്‍: ജനങ്ങളുടെ യാത്രയ്ക്ക് വേഗത കൂടുന്നു എന്നതായിരുന്നോ കെ.റെയിലിന്റെ പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങളാകെ ആഗ്രഹിക്കുന്നു എന്നതാണ് വന്ദേ ഭാരത് വന്നപ്പോള്‍ നമ്മള്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘കെ.റെയില്‍ പദ്ധതിക്ക് എന്തായിരുന്നു പ്രശ്‌നം. ഇപ്പോള്‍ ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ഒരാള്‍ തിരുവനന്തപുരത്ത് നേരത്തെ എത്തുന്നു എന്നുള്ളതാണോ വിഷമം. എറണാകുളത്ത് പോകേണ്ട ആള്‍ നേരത്തെ അവിടെ എത്തുന്നു എന്നുള്ളതാണോ വിഷമം. കെ റെയിലിനെ നഖശികാന്തം എതിര്‍ത്തവര്‍ ഇവിടെ വന്ദേ ഭാരത് വന്നപ്പോള്‍ കണ്ട കാഴ്ച എന്താണ്. ജനങ്ങളുടെ മനസാണ് അത് കാണിക്കുന്നത്. ഒരു വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങളാകെ ആഗ്രഹിക്കുന്നു എന്നതാണ് വന്ദേ ഭാരത് വന്നപ്പോള്‍ നമ്മള്‍ കണ്ടത്. അതുകൊണ്ട് കേരളത്തിലെ വേഗ യാത്രയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടോ. കൂടുതല്‍ ഇത് ആവശ്യമല്ലേയെന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് എല്ലാവരും എത്തുന്നു. ഞങ്ങള്‍ അതില്‍ സ്വീകരിച്ച നിലപാടുണ്ട്. അത് ഞാന്‍ പരസ്യമായി പറഞ്ഞതാണ്,’ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല കെ റെയില്‍ പദ്ധതിയെന്നും അതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ട് പോകുന്നില്ലെന്നും ഒരു കാലത്ത് ഇതിനെ അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല ഇത്. റെയില്‍വേയുടെ കാര്യം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. ഒരു കാലം ഇതിന് അംഗീകാരം നല്‍കേണ്ടതായി വരും. ഇപ്പോള്‍ തല്‍ക്കാലം ഞങ്ങളായിട്ട് അത് മുന്നോട്ട് കൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തത്. ഇപ്പോള്‍ എന്തായി കേരളത്തിലെ മനസ് അത്തരമൊരു റെയില്‍ വേണമെന്ന അവസ്ഥയിലേക്ക് എത്തിയില്ലേ. എന്തിന് അത് പോലുള്ള ഒരു പദ്ധതിയെ എതിര്‍ക്കാന്‍ മുതിര്‍ന്നു എന്നതാണ് നാം ചിന്തിക്കേണ്ടത്. ഇത് എല്ലാ കാര്യത്തിലും കാണാം. പുതിയതായി ഒന്നും നടക്കരുത് എന്നാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Pinarayi vijayan about k rail project