വര്‍ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു; രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി
Kerala News
വര്‍ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു; രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th August 2023, 7:53 am

തിരുവനന്തപുരം: രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ടെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശമായി അറിയിച്ചു.

മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്നെന്നും ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്.

കൊളോണിയല്‍ ഭരണത്തിനെതിരെ ധീരരക്തസാക്ഷികള്‍ ഉള്‍പ്പെടെ അനേകം ദേശാഭിമാനികള്‍ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങള്‍ക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.

ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പ്പന്നമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.

ഇന്ത്യയില്‍ ഭാഷാ സംസ്ഥാനങ്ങളും ഫെഡറല്‍ വ്യവസ്ഥയുമെല്ലാം ഉണ്ടാകുന്നതും ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം പകര്‍ന്നുനല്‍കിയ മൂല്യങ്ങളില്‍ നിന്നുമാണ്. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ വിഭാവനം ചെയ്തത്. എന്നാല്‍ മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറല്‍ തത്വങ്ങളും വലിയ തോതില്‍ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്.

ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്,’ പിണറായി വിജയന്‍ പറഞ്ഞു.

ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട് പോകേണ്ട മനോഭാവമാണ് രാജ്യത്ത് വളര്‍ന്നുവരേണ്ടതെന്ന് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതിയുടെ ദ്രൗപദി മുര്‍മുവും പറഞ്ഞു.

ഇന്ത്യന്‍ പൗരനാണെന്നത് ഓരോ ഭാരതീയന്റെയും സ്വത്വമാണെന്നും രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

content highlights: pinarayi vijayan about independence day