തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നവരുടെ ഇഷ്ടം നടപ്പിലാക്കലല്ല ജനാധിപത്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിച്ചവര്‍ പരാജയപ്പെട്ടവരെ ഒരുമിച്ച് കൂട്ടുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നതെന്നും പിണറായി സാര്‍വദേശീയ ജനാധിപത്യ ദിനത്തില്‍ സംസാരിക്കവേ പറഞ്ഞു.
“അംഗീകരിക്കുന്നവരോടും വിമര്‍ശിക്കുന്നവരോടും ഒരുപോലെ സംവദിക്കാന്‍ ജനാധിപത്യത്തില്‍ കഴിയണം. അങ്ങനെ, ജയിച്ചവര്‍ പരാജയപ്പെട്ടവരെ ഒരുമിച്ചു കൂട്ടുമ്പോഴാണു ജനാധിപത്യം പൂര്‍ണമാകുന്നത്. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള, പൂര്‍ണമായ അഭിപ്രായ സ്വാതന്ത്ര്യമുള്ള തുറന്നസമൂഹം എന്ന നിലയ്ക്കാണു ജനാധിപത്യത്തെ മനസ്സിലാക്കേണ്ടത്.”
“വെറും പാര്‍ലമെന്ററി ജനാധിപത്യം മാത്രമായി ഒതുങ്ങേണ്ടതല്ല മറിച്ച്, ഒരു ജനതയുടെ ജീവിതരീതിയായി അത് വികസിക്കണം. സമൂഹത്തിലെ അതിശക്തര്‍ക്കൊപ്പം അതിദുര്‍ബലര്‍ക്കും തുല്യാവസരമുണ്ടാവുന്ന ആശയമാണു ജനാധിപത്യം എന്നാണ് ഗാന്ധിജി നമ്മെ ഓര്‍മിപ്പിക്കുന്നത്.” പിണറായി പറഞ്ഞു.
“ജനാധിപത്യവും സംഘര്‍ഷ നിവാരണവും” എന്നതാണു സാര്‍വദേശീയ ജനാധിപത്യദിനം ഈ വര്‍ഷം മുന്നോട്ടുവയ്ക്കുന്ന വിഷയം. ആധുനിക മനുഷ്യന്‍ സംഘര്‍ഷത്തിലൂടെയല്ല തീരുമാനങ്ങളിലെത്തേണ്ടതെന്നും അത് സംവാദങ്ങളിലൂടെയും സമവായങ്ങളിലൂടെയുമാണെന്നും പറഞ്ഞ പിണറായി അതാണ് ഈ ദിനം നല്‍കുന്ന സന്ദേശമെന്നും വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരമാണ് 2007മുതല്‍ സെപ്റ്റംബര്‍ 15 ജനാധിപത്യ ദിനമായി ആചരിക്കുന്നത്. ജനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കുക ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനാധിപത്യദിനാചരണം ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ചത്.