തിരുവനന്തപുരം: കൊവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌കുകള്‍ ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും സുരക്ഷിതരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ ഏകദേശം 11 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നും രോഗം പിടിപെടാതിരിക്കാനായി ഇനിയും മുമ്പത്തെ പോലെതന്നെയുള്ള ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന്റെ ഒന്നാം തരംഗം ഉണ്ടായപ്പോള്‍ ഉള്ളതിനേക്കാള്‍ സുസജ്ജമാണ് ഇപ്പോള്‍ നമ്മുടെ കോവിഡ് പ്രതിരോധ ആരോഗ്യസംവിധാനങ്ങള്‍. ഇക്കാലയളവില്‍ കൊവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങള്‍ ഇവിടെ വളര്‍ത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ട്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച ചികിത്സ സര്‍ക്കാര്‍ ഒരുക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോകുന്നത്. പൊതുസമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക ഉയര്‍ന്നുവരികയും ചെയ്യുന്നുണ്ട്. പക്ഷേ, ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച ജനതയാണ് നമ്മള്‍. ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചത്.
ഐ.സി.എം.ആറിന്റെ സെറോ പ്രിവലന്‍സ് പഠനപ്രകാരം കേരളത്തില്‍ ഏകദേശം 11 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. ഇന്ത്യന്‍ ശരാശരി ഏകദേശം 25 ശതമാനം ആണെന്നോര്‍ക്കണം. ഇതു നമുക്ക് സാധിച്ചത് നമ്മള്‍ കാണിച്ച ജാഗ്രത മൂലമാണ്. മറ്റിടങ്ങളേക്കാള്‍ മികച്ച രീതിയില്‍ മരണ നിരക്ക് പിടിച്ചു നിര്‍ത്താനും നമുക്ക് സാധിച്ചു. ചികിത്സയ്ക്കാവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ സാധിച്ചതാണ് അതിനു കാരണമായത്. ഇത്തരത്തില്‍ ജനങ്ങളും സര്‍ക്കാരും ഒത്തുചേര്‍ന്ന് കരുതലോടെ തീര്‍ത്ത പ്രതിരോധത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്.
ഈ ഘട്ടത്തില്‍ കൂടുതല്‍ കരുത്തോടെ ആ മാതൃക വീണ്ടെടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ‘ബാക് റ്റു ബേസിക്‌സ്’ എന്ന ക്യാമ്പെയിന്‍ ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. മാസ്‌കുകള്‍ ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണം. രോഗം പകരില്ലെന്നും, പടര്‍ത്തില്ലെന്നും ഉറപ്പിക്കണം.
ഒന്നാമത്തെ തരംഗം ഉണ്ടായപ്പോള്‍ ഉള്ളതിനേക്കാള്‍ സുസജ്ജമാണ് ഇപ്പോള്‍ നമ്മുടെ കൊവിഡ് പ്രതിരോധ ആരോഗ്യസംവിധാനങ്ങള്‍. ഇക്കാലയളവില്‍ കൊവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങള്‍ ഇവിടെ വളര്‍ത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ട്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച ചികിത്സ സര്‍ക്കാര്‍ ഒരുക്കുന്നതയായിരിക്കും.
അതോടൊപ്പം വാക്‌സിനേഷന്‍ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എത്രയും വേഗം നല്‍കാന്‍ ആവശ്യമായ നടപടികള്‍ ആണ് സ്വീകരിക്കുന്നത്. വാക്‌സിന്‍ ലഭിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. രോഗം പിടിപെടുകയാണെങ്കില്‍ തന്നെ, രോഗം ഗുരുതരമാകാതിരിക്കാനും വാക്‌സിന്‍ സഹായകമാകും. അതുകൊണ്ട് വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും അതു സ്വീകരിക്കാന്‍ തയ്യാറാകണം. രോഗത്തെ തടയാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അതാണെന്നോര്‍ക്കണം.
നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ടെസ്റ്റുകള്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. 2223 ടെസ്റ്റിംഗ് സെന്ററുകളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനടി ടെസ്റ്റ് ചെയ്യാന്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് എല്ലാവരും തയ്യാറാകണം. എത്രയും വേഗം രോഗികളെ കണ്ടെത്തി വ്യാപനം തടയാനും ഉചിതമായ ചികിത്സ വേഗത്തില്‍ നല്‍കി രോഗം ഗുരുതരമാകുന്നത് ഒഴിവാക്കാനും ഇതു സഹായകമാകും.
എങ്കിലും രോഗം പിടിപെടാതിരിക്കാനുള്ള ശ്രദ്ധയാണ് ഏറ്റവും പ്രധാനം. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍, ആരോഗ്യസംവിധാനങ്ങള്‍ക്ക് ആ സാഹചര്യം താങ്ങാന്‍ കഴിയാതെ പോകും. അത്തരമൊരു അവസ്ഥ ഉണ്ടാക്കില്ലെന്ന് നമ്മള്‍ ഉറപ്പിക്കണം. ഇന്ത്യയില്‍ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും, ഒന്നാമത്തെ തരംഗം ഏറ്റവും അവസാനം ഉച്ചസ്ഥായിയിലെത്തിയത് കേരളത്തിലാണ്. ആ നേട്ടം നമുക്ക് സാധ്യമായത് ഇച്ഛാശക്തിയോടെ, ആത്മധൈര്യത്തോടെ, ജാഗ്രതയോടെ ഈ മഹാമാരിയെ നേരിട്ടതുകൊണ്ടാണ്. അതില്‍ നിന്നും പ്രചോദനമുള്‍ക്കോണ്ട് നമുക്ക് മുന്നോട്ടു പോകാം. സര്‍ക്കാര്‍ ഒപ്പമുണ്ട്. നമ്മള്‍ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക