| Thursday, 16th April 2020, 6:10 pm

കേരളത്തില്‍ ഇന്ന് ഏഴ് കൊവിഡ് കേസുകള്‍; 27 പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു. 27 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. സംസ്ഥാനത്ത് 88,855 പേരാണ് നിരീക്ഷണത്തിലുള്ളത്

വീടുകളില്‍ 88332 പേരും ആശുപത്രികളില്‍ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

അതേസമയം രേഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയില്‍ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിത്.

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേര്‍ ബ്രിട്ടനിലേക്ക് പോയി. ഇവരില്‍ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവര്‍ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more