തിരുവനന്തപുരം: ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണെന്നും അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് യു.ഡി.എഫില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു.ഡി.എഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത് എന്നും പിണറായി പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തെരഞ്ഞടുപ്പിനു മുന്‍പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു.
കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്.
ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത.
സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്. നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം.
യു.ഡി.എഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യു.ഡി.എഫില്‍നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാവുക’, എന്നും പിണറായി വിജയന്‍ പറഞ്ഞു.
Content Highlight: Pinarayi Vijayan About Congress and Muslim League