ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലൊന്നുമല്ല, മനുഷ്യനെ ബാധിക്കുന്ന കാര്യമാണ്; വാക്‌സിന്‍ നയത്തില്‍ മുഖ്യമന്ത്രി
Kerala News
ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലൊന്നുമല്ല, മനുഷ്യനെ ബാധിക്കുന്ന കാര്യമാണ്; വാക്‌സിന്‍ നയത്തില്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 6:48 pm

തിരുവനന്തപുരം: വാക്‌സിന്‍ നയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് അത് കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലൊന്നും അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് സഹകരിച്ച് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാക്‌സിന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഇത് വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്രവും സര്‍ക്കാരും തമ്മില്‍ ഒരു ഏറ്റുമുട്ടലിലേക്ക് പോവുകയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

‘ഏറ്റുമുട്ടലൊന്നും ഇക്കാര്യത്തില്‍ കാണേണ്ടതില്ല. ഇത് മനുഷ്യനെ ബാധിക്കുന്ന പ്രശ്‌നമാണ്. മനുഷ്യരാകെ ഇതുമായി ബന്ധപ്പെട്ട് വലിയ ആശങ്കയിലാണ്. ആ സമയത്ത് സംസ്ഥാനവും കേന്ദ്രവും ഏറ്റുമുട്ടലാണോ വേണ്ടത്? കേന്ദ്രവും സര്‍ക്കാരും എല്ലാവരും കൂടി സഹകരിച്ച് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പ്രധാനം. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ശരിയില്ലായ്മ ഉള്ളതുകൊണ്ട് നടപടി ശരിയായില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിന്‍ കേരളത്തിന് സൗജന്യമായി നല്‍കണമെന്നും സംസ്ഥാനത്തിന് നേരിട്ട് വാക്‌സിന്‍ വാങ്ങാനുള്ള അനുമതി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് രണ്ട് ലക്ഷം കൊവിഡ് വാക്‌സിനാണ് ബാക്കിയുള്ളതെന്നും കൂടുതല്‍ വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.

അതേസമയം കേരളത്തില്‍ കൊവിഡ് വ്യാപനം ഉച്ചസ്ഥായിയിലെത്താന്‍ ഇനിയും സമയം എടുക്കുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിക്കുമ്പോള്‍ മനസിലാവുന്നെതന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 37190 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 142588 പേരിലാണ് പരിശോധന നടത്തിയത്. 57 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവില്‍ 345872 പേരാണ് ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan about central government’s vaccine policy