| Monday, 15th May 2023, 7:25 pm

സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രം സഹായങ്ങള്‍ക്ക് തുരങ്കം വെക്കുന്നു: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നില്ലെന്നും ലഭിക്കുന്ന സഹായങ്ങള്‍ക്ക് തുരങ്കം വെക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മന്ത്രിമാരുടെ വിദേശ യാത്രകള്‍ക്കുളള അനുമതി നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും പാലക്കാട് വെച്ച് നടന്ന എല്‍.ഡി.എഫ് റാലിയില്‍ അദ്ദേഹം പറഞ്ഞു.

‘സാധാരണ ഗതിയില്‍ സഹായിക്കാന്‍ ബാധ്യതപ്പെട്ടവരാണ് കേന്ദ്ര സര്‍ക്കാര്‍. സഹായിച്ചില്ലെന്ന് മാത്രമല്ല, നമ്മുടെ നാടിന് ലഭിക്കുന്ന സഹായങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ പോലും തയ്യാറായി. കേരളത്തിലെ മന്ത്രിമാര്‍ വിവിധ രാജ്യങ്ങളില്‍ പോകാനും മലയാളി കൂട്ടായ്മയെ കാണാനും അവരുടെ സഹായം സ്വീകരിക്കാനും സന്നദ്ധമായി. എന്നാല്‍ പോകാനുള്ള അനുമതി നിഷേധിച്ചു. അര്‍ഹതപ്പെട്ട സഹായം പോലും നല്‍കാന്‍ തയ്യാറായില്ല,’ അദ്ദേഹം പറഞ്ഞു.

പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്ര സംഭവങ്ങള്‍ എടുത്തു കളയുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും അദ്ദേഹം വിമര്‍ശിച്ചു. സംഘപരിവാര്‍ ചരിത്രം പഠിപ്പിക്കുന്നത് ഭയക്കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘കുട്ടികള്‍ പഠിക്കേണ്ടുന്ന പാഠപുസ്തകത്തില്‍ ചിലത് പാടില്ല. മതനിരപേക്ഷത ശക്തിപ്പെടുത്തുന്നതിന് പാഠപുസ്തകത്തിന് പങ്കുണ്ട്. അത് സംഘപരിവാര്‍ ഭയക്കുന്നു. ചരിത്രം പഠിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുന്നു.

രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ആദ്യ വിദ്യാഭ്യാസ മന്ത്രി അബുല്‍ കലാം ആസാദ്, മുഗള്‍ കാലഘട്ടം ഇതൊന്നും പാഠപുസ്തകത്തില്‍ ഉണ്ടാകാന്‍ പാടില്ല. ചരിത്രത്തിന്റെ ഭാഗം ശരിയായ രീതിയില്‍ പഠിക്കുമ്പോള്‍ അതിന്റെ ഭാഗമായി കുറ്റവാളികളാകുന്നവര്‍ രാജ്യത്തിന്റെ ഭരണാധികാരം കയ്യാളുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ വരും.

ഇവിടെയാണ് കേരളം വേറിട്ട് നില്‍ക്കുന്നത്. കേരളം ഇപ്പോള്‍ തന്നെ പറഞ്ഞു, ഏതെല്ലാം പാഠപുസ്തകത്തിന്റെ ഭാഗമാകില്ലെന്ന് പറഞ്ഞോ, ആ ഭാഗങ്ങളെല്ലാം ഇവിടെ പാഠപുസ്തകത്തിന്റെ ഭാഗമായിരിക്കും. തുടര്‍ന്നും ഇതെല്ലാം ഇവിടെ പഠിപ്പിക്കുകയും ചെയ്യും.

ഈ നാട് മതനിരപേക്ഷതയുടെ വിളനിലമായി നില്‍ക്കുന്നത് വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് സ്വീകരിച്ചത് കൊണ്ടാണ്,’ പിണറായി വിജയന്‍ പറഞ്ഞു.

content highlight: pinarayi vijayan about central govenrment

We use cookies to give you the best possible experience. Learn more