തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തില്‍ എഴുതിത്തയ്യാറാക്കിയ 12 പേജുള്ള കുറിപ്പാണ് മുഖ്യമന്ത്രി വായിച്ചത്.
കോടതി വിധി വരാനുണ്ടായ സാഹചര്യവും വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായതിനെ കുറിച്ചുമാണ് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞത്.
സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ശബരിമലയിലെ സുഗമമായ പര്യവസാനത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ ഉണ്ടാകണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭരണഘടന ലംഘനം ഉണ്ടാവരുതെന്നും ശാന്തിയുടെയും സമാധാനത്തിന്റേയും ഇടമായ ശബരിമലയില്‍ അത് കളഞ്ഞുകുളിക്കരുതെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്. മറ്റു വിധികളുമായി ഇതിനെ താരതമ്യപ്പെടുത്തരുത്.
വിധി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്നതല്ല എന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
വിവിധ കക്ഷികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, പി.സി.ജോര്‍ജ്, മുസ്ലിം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സാവകാശഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കാനാകില്ല. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം വ്യക്തമായ കൂടിയാലോചനയ്ക്കുശേഷം മാത്രമേ ആലോചിക്കുകയുള്ളൂവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.