തിരുവനന്തപുരം: റഫയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഞായറാഴ്ച രാത്രി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗസയില്‍ ഇസ്രഈല്‍ തുടരുന്ന അതിക്രമങ്ങള്‍ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘റഫയില്‍ അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ ഇസ്രഈല്‍ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണത്തില്‍ 45 ഓളം ജീവനുകള്‍ പൊലിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഫയില്‍ അതിക്രമം നിര്‍ത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിന് പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്,’ പിണറായി വിജയന്‍ പറഞ്ഞു.
ഇസ്രഈല്‍ നടത്തിവരുന്ന അതിക്രമങ്ങളില്‍ ഇതുവരെ 36,000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്നു വരുന്ന ഈ അധിനിവേശത്തിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ ഈ പ്രതിഷേധങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചു സൈനികാക്രമണം ഇസ്രഈല്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഭീകരതക്കെതിരെ ലോകമെങ്ങുമുള്ള സാമ്രാജ്യത്വ വിരുദ്ധ ശക്തികളും സമാധാനപ്രേമികളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ഗസയിലെ ജനതക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കണം. സാമ്രാജ്യത്വത്തിന്റെ അധിനിവേശ താത്പര്യങ്ങള്‍ക്കായി ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താനും മേഖലയെ സൈനികവല്‍ക്കരിക്കാനുമുള്ള പുതിയ നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച രാത്രി റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 ആളുകളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.