| Saturday, 8th August 2020, 7:05 pm

രാജമലയില്‍ 5 ലക്ഷവും, കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ 10 ലക്ഷവും; ധനസഹായത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജമലയിലെ പ്രകൃതി ദുരന്തത്തില്‍ അഞ്ച് ലക്ഷം രൂപയും കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചതിനു പിന്നാലെ ഉയര്‍ന്ന വിമര്‍ശനത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യ ഘട്ടത്തിലുള്ള ധനസഹായമാണെന്നും രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാകൂ എന്നും അതിനു ശേഷം തുടര്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു.

‘രാജമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആദ്യ ഘട്ടത്തിലുള്ള ധനസഹായമാണ്. അവിടെ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനു ശേഷം മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ പറ്റൂ. നഷ്ടം എത്ര മാത്രമാണെന്ന് മനസ്സിലാക്കാനും അതിനു ശേഷമേ നടക്കൂ. എല്ലാം നഷ്ടപ്പെട്ട ഒരവസ്ഥയാണ് അവിടെയുള്ളത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘അവരെ സംരക്ഷിക്കുകയും ചെയ്യും അവരുടെ കൂടെ നില്‍ക്കുകയും ചെയ്യും. ഇത് ആദ്യ ഘട്ടത്തിലുള്ള പ്രഖ്യാപനം മാത്രമാണ്. തുടര്‍ന്ന് പല കാര്യങ്ങളും ഇതിന്റെ ഭാഗമായി തന്നെ ഉണ്ടാവും,’ മുഖ്യമന്ത്രി പറഞ്ഞു.

ഒപ്പം രാജമലയില്‍ സന്ദര്‍ശനം നടത്താതെ വിമാനാപകടത്തില്‍ പരിക്കു പറ്റിയവരെ കാണാന്‍ ആശുപത്രിയിലേക്ക് നടത്തിയ സന്ദശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

രക്ഷാ പ്രവര്‍ത്തനം വലിയ രീതിയില്‍ നടത്താനാണ് ആദ്യ ഘട്ടത്തില്‍ നാം ശ്രമിക്കേണ്ടത്. ആ പ്രവര്‍ത്തനം രാജമലയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അവിടെ എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more