| Sunday, 21st April 2019, 4:08 pm

' നരേന്ദ്ര മോദി ആണെന്ന് കരുതിയാകും നിങ്ങള്‍ ചോദിക്കുന്നത്, ഞാന്‍ കള്ളം പറയാറില്ല'; തെളിവുയര്‍ത്തി കാണിച്ച് വാര്‍ത്താസമ്മേളനത്തില്‍ പിണറായിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതിന്റ തെളിവ് വാര്‍ത്താ സമ്മേളത്തില്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതിന് തെളിവുണ്ടോ എന്നാണ് ബി.ജെ.പി ചോദിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ” ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് അവര്‍ ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു പിണറായിയുടെ മറുപടി.

”നരേന്ദ്രമോദിയാണ് ഞാന്‍ എന്ന് വിചാരിച്ച് ചോദിക്കുന്ന ചോദ്യമാണ് അത്. ഞാന്‍ കളവുപറയാറില്ല സാധാരണ. ഉള്ള കാര്യങ്ങള്‍ മാത്രമേ പറയാറുള്ളൂ. തെളിവ് ഉണ്ടോ എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചോദിച്ചാലോ എന്ന് കരുതി ആ കടലാസും എടുത്താണ് ഞാന്‍ ഇവിടെ വന്നത്. അതിന്റെ നമ്പര്‍ പറയാം 11034/01/2018 ഐ.എസ് ഐ.ബി, കേന്ദ്ര അഭ്യന്തരമന്ത്രാലയം, അഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍”- എന്ന് പറഞ്ഞായിരുന്നു 144 പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസര്‍ക്കുലറിലെ വാചകങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്.

പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള കേന്ദ്ര ഗവണ്‍മെന്റിന് ഈ നിലപാടേ എടുക്കാന്‍ പറ്റുള്ളൂവെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയാണെന്നുള്ളതുകൊണ്ട് അതില്‍ മാറ്റമില്ലെന്നും പിണറായി പറഞ്ഞു. ”ഇപ്പോള്‍ അദ്ദേഹം വന്നിട്ട് സുപ്രീം കോടതി വിധിക്ക് എതിരായി സംസാരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള കേന്ദ്ര ഗവര്‍മെന്റിന് ഇതേ നിലപാടേ എടുക്കാന്‍ പറ്റൂ. അതുതന്നെയാണ് ഇവിടെ സംസ്ഥാനസര്‍ക്കാരും എടുത്തിട്ടുള്ളതും-പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more