Kerala News
ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 26, 06:08 pm
Thursday, 26th December 2024, 11:38 pm

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ്ങെന്നും രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എല്ലാകാലവും കാത്തുസൂക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടപ്പാക്കിയ നവ ഉദാരവത്ക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ഉടച്ചുവാർത്തുവെന്നും ഇടതുപക്ഷം ഉയർത്തിയിരുന്ന എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെയാണ് അദ്ദേഹം എന്നും പ്രതികരിച്ചിട്ടുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ച അദ്ദേഹത്തിന്റെ വേർപാട് ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദല്‍ഹി എയിംസില്‍ വെച്ചായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം. ഇന്ന് (വ്യാഴാഴ്ച) എട്ട് മണിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയെങ്കിലും 9.51 ഓടെ മരണം സംഭവിക്കുകയായിരുന്നു.

നിലവില്‍ കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദല്‍ഹി എയിംസില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എയിംസിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെലഗാമിയില്‍ തുടരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്.

 

Content Highlight: Pinarayi Viajayan About Manmohan singh’s Death