തിരുവനന്തപുരം: സാമുദായിക രാഷ്ട്രീയ നേതൃത്വത്തില്‍ സമാനതകളില്ലാത്ത സമരമാണ് വൈക്കത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തികേന്ദ്രീകൃതമായ സമരമല്ല വൈക്കത്തുണ്ടായതെന്നും രാഷ്ട്രീയ പിന്തുണയുള്ള സാമൂഹിക മുന്നേറ്റമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ശതാബ്ദി ആഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പോരാട്ടം ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ലെന്നും സമരത്തില്‍ കേരളത്തിനും തമിഴ്‌നാട്ടിനും ഒരേ പാരമ്പര്യമാണുള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതിനിടെ നിയമസഭ സമ്മേളനത്തിനിടയിലും വൈക്കം ശതാബ്ദി ആഘോഷത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ നന്ദി പറയുകയും ചെയ്തു.
‘ജാതി വ്യവസ്ഥ നിലനിന്നാല്‍ ഗുണമുണ്ടാകുന്ന സമുദായക്കാര്‍ വരെ വൈക്കം സത്യഗ്രഹത്തില്‍ അണിനിരന്നു. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ചെറിയ അഭിപ്രായ വ്യത്യാസങ്ങളേക്കാള്‍ വലിയ അപകടങ്ങളെ ചെറുക്കാനായി ഒത്തുചേരണമെന്ന സന്ദേശമാണ് വൈക്കം സമരം മുന്നോട്ട് വെക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ മതനിരപേക്ഷതയെ തള്ളിക്കളഞ്ഞ് ഇന്ത്യയെ മതരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. ഭരണഘടന എടുത്തുമാറ്റി മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നത്.
അതിലൂടെ വൈക്കം സത്യാഗ്രഹത്തിന്റെയൊക്കെ ഭാഗമായി സമൂഹത്തില്‍ നിന്നും എടുത്തുമാറ്റിയ ഉച്ചനീചത്വങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,’ പിണറായി വിജയന്‍ പറഞ്ഞു.
സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് വൈക്കം ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഇരുവരും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.
ഉടല്‍ രണ്ടാണെങ്കിലും ചിന്തകള്‍ കൊണ്ട് താനും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണെന്നാണ്
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. വൈക്കം സത്യാഗ്രഹം തമിഴ്‌നാടിന് മാത്രമല്ല ഇന്ത്യക്ക് മുഴുവന്‍ പ്രചോദനമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.