കോഴിക്കോട്: ജനരക്ഷാ യാത്രയുടെ വിജയത്തിനായി കേരളത്തിലെത്തിയ ബി.ജെ.പിയുടെ ദേശീയ നേതാക്കളെ വിടാതെ പിന്തുടരുകയാണ് ട്രോളന്മാര്‍. അമിത് ഷായുടെ തിരിച്ച് പോക്കും കുമ്മനത്തിന്റെയും യോഗിയുടെയും പ്രസ്താവനകളും പരിപാടിയിലെ ജന പങ്കാളിത്തവുമെല്ലാം ട്രോളന്മാര്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്.
Also Read: കേരളത്തിലെ ബി.ജെ.പിയുടെ ശത്രു ബി.ജെ.പി തന്നെ; ഇന്ത്യാ ടുഡേ നിരത്തുന്ന അഞ്ച് കാരണങ്ങള്‍
യു.പി മുഖ്യമന്ത്രി കേരളത്തിലെത്തി പ്രസ്താവന നടത്തിയപ്പോള്‍ അതിനു മറുപടിയുമായി നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ട്വിറ്ററിലൂടെ യോഗി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
കേരളത്തിലേക്കുള്ള യാത്രയ്ക്ക് തൊട്ടു മുമ്പായിരുന്നു യോഗിയുടെ ട്വിറ്റുകള്‍ പുറത്ത് വന്നത്. ഇതിനു പിന്നാലെ കുറിക്കുകൊള്ളുന്ന മറുപടിയുമായെത്തിയ പിണറായിയുടെ ട്വീറ്റുകള്‍ സഹിതം വാര്‍ത്ത നല്‍കിയിരിക്കുകയാണ് ദേശീയ മാധ്യമങ്ങളായ “ടൈംസ് ഓഫ് ഇന്ത്യയും” “ന്യൂസ് 18. കോമും”.
“സുന്ദരവും സന്തോഷപ്രദവും സമാധാനപരവുമായ കേരള യാത്രയെന്നായിരുന്നു യോഗി തന്റെ ട്വിറ്ററില്‍ കേരളയാത്രയെക്കുറിച്ച് വിശേഷിപ്പിച്ചത്. പോസ്റ്റിനു മറുപടിയുമായെത്തിയ പിണറായി “ഉത്തര്‍പ്രദേശിലെ നിരവധി പ്രശ്നങ്ങളില്‍ നിന്നുമുള്ള ഒരു യഥാര്‍ഥ ബ്രേക്ക് ആയിരിക്കും ഈ കേരള യാത്രയെന്നു” മറുപടി നല്‍കുകയായിരുന്നു.
പിന്നീടും യോഗിയെ ലക്ഷ്യമാക്കി നിരവധി ട്വീറ്റുകള്‍ പിണറായിയുടെ അക്കൗണ്ടില്‍ നിന്നും പുറത്ത് വരികയായിരുന്നു. കേരളത്തിലെ മരണ നിരക്ക് എല്ലാ ഇന്ത്യാക്കരുടെയും മുന്നില്‍ അവതരിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പിണറായിയുടെ രണ്ടാമത്തെ ട്വീറ്റ്. “നന്ദി യോഗി ജി കേരളത്തിലെ മരണ നിരക്ക് യു.പിലേതിനു മാത്രമല്ല വികസിത രാജ്യങ്ങളേക്കാള്‍ മികച്ചതാണെന്ന് എല്ലാ ഇന്ത്യക്കാരോടും പറഞ്ഞതിന്” ട്വീറ്റ് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വ്യാജവീഡിയോ പോസ്റ്റ് ചെയ്തതിന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യവും മറ്റൊരു ട്വീറ്റിലൂടെ പിണറായി യോഗിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
ജനരക്ഷാ യാത്രയെ മലയാളികള്‍ ട്രോളുമ്പോള്‍ യു.പി മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രി ട്രോളിയത് സോഷ്യല്‍ മീഡിയക്ക് പുറമേ ദേശീയ മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.