തന്ത്രിമാര്‍ക്കെതിരായ പരിഹാസം; ജി.സുധാകരനെ വേദിയിലിരുത്തി പിണറായിയുടെ ശാസന
Kerala News
തന്ത്രിമാര്‍ക്കെതിരായ പരിഹാസം; ജി.സുധാകരനെ വേദിയിലിരുത്തി പിണറായിയുടെ ശാസന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 9:51 am

ആലപ്പുഴ: ശബരിമല തന്ത്രിമാരെ അതിരുവിട്ട ഭാഷയില്‍ പരിഹസിച്ച മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ താക്കീത്. ശബരിമലയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം അവിടുത്തെ തന്ത്രിമാര്‍ക്കില്ലെന്ന മന്ത്രി ജി. സുധാകരന്റെ പരിഹാസത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

തന്ത്രിമാരെ വെല്ലുവിളിക്കാമെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ സുധാകരന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ശാസന.

വേദിയില്‍ ജി. സുധാകരനും ഇരിക്കവേയായിരുന്നു മുഖ്യമന്ത്രി പ്രസംഗിക്കാനായി എഴുന്നേറ്റത്. പ്രസംഗത്തിനിടെ ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കവേയാണ് ജി. സുധാകരന്റെ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രി സൂചിപ്പിച്ചത്. ജി. സുധാകരന്റെ പേര് എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.


രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ കുടുംബവാഴ്ച തുറന്നു കാട്ടി ബി.ജെ.പി എം.എല്‍.എ ഉഷാ താക്കൂര്‍


“ചില മാദ്ധ്യമങ്ങളിലൂടെ തന്ത്രിമാര്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ കണ്ടു. തന്ത്രിമാരുടെ പൊതുവികാരമെടുത്താല്‍ അവരാരും സര്‍ക്കാരുമായി ഗുസ്തിക്ക് പുറപ്പെടുന്നവരല്ല.

സര്‍ക്കാരുമായി പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുമല്ല. ശബരിമല പ്രശ്‌നത്തില്‍ തന്ത്രിമാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുള്ളതാണ്.

ആദ്യം വിളിച്ച യോഗത്തില്‍ തന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് അന്നത്തെ സാഹചര്യം കൊണ്ടാകാം. ക്ഷേത്രകാര്യങ്ങള്‍ നോക്കേണ്ടത് തന്ത്രിമാര്‍ തന്നെയാണ്”- മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ ആലപ്പുഴയില്‍ നടന്ന മറ്റൊരു പരിപാടിയിലാണ്, ശബരിമലയില്‍ അലഞ്ഞുതിരിയുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്.

തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ് എന്നും തന്ത്രിമാര്‍ ഇരിക്കുന്നതിനടത്ത് അയ്യപ്പന്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ദൈവവിശ്വാസം അധികാരം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നതിലെ കാപട്യം തിരിച്ചറിയണം. അമ്പലം സമരത്തിനുള്ള വേദിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നതായും ജി. സുധാകരന്‍ പറഞ്ഞിരുന്നു.

ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമര്‍ശിച്ചിരുന്നു.

ശബരിമലയെ ഈ രീതിയില്‍ ആക്കിയവര്‍ക്ക് വോട്ടു കിട്ടുമെന്ന് കരുതേണ്ട. ഏറ്റവും മോശമായ നെഗറ്റീവ് പൊളിറ്റിക്സ് ആണ് ബി.ജെ.പി പയറ്റുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.