[] തിരുവനന്തപുരം: കരിമണല്‍ വിഷയത്തില്‍ ഒത്തുകളി നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഖനനം നടത്താനാകാത്ത സാഹചര്യത്തില്‍ കോടികളുടെ കരിമണല്‍ഖനനം കടത്തുകയാണെന്നും പിണറായി.
ഖനനത്തിന് അനുമതിയുള്ള ഐ.ആര്‍.ഇ ക്കോ കെ.എം.എല്ലിനോ ഖനനം നടത്താനാകാതിരിക്കുമ്പോള്‍ തന്നെ ശ്രീലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അവസ്ഥയാണുള്ളത്.
ഇപ്പോഴത്തെ സംഭവങ്ങള്‍ കാണുമ്പോള്‍ ഒത്തുകളി നടക്കുന്നതായി സംശയിക്കേണ്ട സാഹചര്യമാണുള്ളത്.
കരിമണല്‍ വെറുതെയിട്ട് നാട്ടിലെ വ്യവസായങ്ങള്‍ തകരുന്നത് മറ്റ് ചിലര്‍ക്ക് ഗുണകരമാകും. വിദേശ രാജ്യങ്ങളിലെ ചില ഏജന്‍സികള്‍ പോലും കരിമണല്‍ ഖനനത്തിന് കണ്ണുവെച്ചിരിക്കുകയാണ്.
കരിമണലുപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ചില ഗൂഡശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ധാതുമണല്‍ ഖനനം സ്വാകര്യവല്‍ക്കരിക്കുന്നതിനെതിരെ ട്രാവന്‍കൂര്‍ ടൈറ്റാനിയം, ഐ.ആര്‍.ഇ, കെ.എം.എല്‍ ജീവനക്കാരുടെ നേതൃത്വത്തിലുള്ള കരിമണല്‍ പൊതുമേഖലാ സംരക്ഷണ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മാര്‍ച്ചില്‍ പ്രസംഗിക്കാനെത്തിയ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിനെതിരെ തൊഴിലാളികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയപ്പോഴും പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴും എളമരത്തിനെതിരെ പ്രതിഷേധക്കാര്‍ ഗോ ബാക്ക് വിളികള്‍ മുഴക്കി.
പ്രസംഗത്തിനിടയിലും തൊഴിലാളികള്‍ പ്രതിഷേധം തുടര്‍ന്നത് നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. ഐ.ആര്‍.ഐ ക്ക് ഖനനം നടത്താന്‍ കഴിയില്ലെങ്കില്‍ പൊതുമേഖലയില്‍ ഖനനം നടത്തുന്നതിന് സര്‍ക്കാര്‍ നേതൃത്വത്തില്‍ സംവിധാനമുണ്ടാക്കണമെന്ന് കരീം പറഞ്ഞു.
ഇവിടുത്തെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും കരിമണല്‍ ഖനനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ടി.എന്‍ പ്രതാപന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ നിയമസഭാകക്ഷി നേതാവ് സി.ദിവാകരന്‍,സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, മുന്‍മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, കൊല്ലം എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ , ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി സുരേഷ് ബാബു, ബി.ജെ.പി വക്താവ് വി.വി രാജേഷ്, എസ്.ടി.യു സംസ്ഥാന നേതാവ് പി.ഉബൈദുള്ള തുടങ്ങിയ നേതാക്കളും പ്രസംഗിച്ചു.