വിധി നടപ്പിലായാല്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ച വിശ്വാസിയാണ് ഞാന്‍, എന്നെപ്പോലെയുള്ളവരെ മാനിക്കുമോ എന്ന് പിണറായിയോട് സിന്ധു സൂര്യകുമാര്‍; മറുപടി ഇങ്ങനെ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസില്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് പിണറായി നിലപാട് തുറന്നു പറഞ്ഞത്.
”ശബരിമല വിധി സ്റ്റേ ചെയ്തിട്ടില്ല, വിധി സമാധാനപരമായി നടപ്പിലാക്കുകയാണെങ്കില്‍ അവിടെ പോകാന്‍ ആഗ്രഹിച്ച ഒരു വിശ്വാസിയാണ് ഞാന്‍. എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്‌നമല്ലേ?” എന്നായിരുന്നു സിന്ധു സൂര്യകുമാര്‍ ചോദിച്ചത്.
ഇതിന്, വിധി ഭരണഘടനയുടെ വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതിനര്‍ത്ഥം വിധിയില്‍ പരിശോധിക്കേണ്ട എന്തോ ഉണ്ടെന്നാണ് കോടതി തന്നെ കാണുന്നത.് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വേറൊരു നിലപാട് എടുക്കേണ്ട ആവശ്യമില്ലെന്നാണ് പിണറായി പറഞ്ഞത്.
‘വിധി സ്റ്റേ ചെയ്തിട്ടില്ല എന്ന് പറയുമ്പോള്‍ നമ്മള്‍ കാണേണ്ടത് ആ വിധി വിശാല ബെഞ്ചിന്റെ പരിശോധനയ്ക്ക് വിടുകയാണ് എന്നാണ്. അപ്പോള്‍ അതില്‍ പരിശോധിക്കേണ്ട കാര്യമുണ്ടെന്ന് കോടതി തന്നെ കാണുകയാണ്. അതുകൊണ്ട് ഗവണ്‍മെന്റിനെ സംബന്ധിച്ചടത്തോളം അവിടെ വേറൊരു നിലപാട് ഇപ്പോള്‍ എടുക്കേണ്ട ആവശ്യമില്ല. ഇനി വിശാല ബെഞ്ചിന്റെ വിധി വരുമ്പോള്‍ ആ വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്,” മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള കഴിയുമോ എന്ന ശ്രമമാണ് ഇപ്പോള്‍ എല്ലാവരും നടത്തുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ഈ വിധി വരുമ്പോഴുള്ള കാര്യങ്ങള്‍ മാത്രമേ ഇനി ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.