| Thursday, 23rd October 2014, 1:32 pm

അവഹേളനം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം : പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അവഹേളനം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എമ്മെന്നും  1969ല്‍ ശരിയായ നിലപാടെടുത്ത് സി.പി.ഐ.എം രൂപീകരിച്ചതിനാലാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പന്ന്യന്‍ രവീന്ദ്രന്‍ നവയുഗം വാരികയില്‍ എഴുതിയ ലേഖനത്തതിന്റെ മറുപടിയാണ് ദേശാഭിമാനി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.ആര്‍.ഒ ചാരക്കേകേസില്‍ ഉമ്മന്‍ ചാണ്ടി നിയമം പാലിക്കണമെന്നും കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി പറഞ്ഞു.

   കേരളത്തില്‍ മദ്യനിരോധനം പ്രായോഗികമാവില്ലെന്നും നിരോധനത്തിനോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ “മദ്യനിരോധം പ്രായോഗികമോ” എന്ന വിഷയത്തില്‍ കള്ളുചെത്തുതൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെ ദുരന്തമായി വ്യാഖ്യാനിച്ച് നവയുഗം വാരികയില്‍ പന്ന്യന്‍ രവീന്ദ്രന്‍ എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.വി.ദക്ഷിണാമൂര്‍ത്തിയാണ് പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം എഴുതിയത്.

75 ആഘോഷിക്കാന്‍ 50-നെ അധിക്ഷേപിക്കണോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ അനവസരത്തിലാണെന്നും ഇത്തരം ആരോപണങ്ങള്‍ ഇടതുപക്ഷ ഐക്യത്തിന് തടസമാകില്ലെന്നും പറയുന്നു. സി.പി.ഐ.എം അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നത് സി.പി.ഐക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു എന്നും ലേകനം വിമര്‍ശിക്കുന്നു.

അതേസമയം, ദേശാഭിമാനിയിലെ ലേഖനത്തിനുള്ള മറുപടി സി.പി.ഐ മുഖപത്രമായ ജനയുഗത്തിലൂടെ നല്‍കാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more