തിരുവനന്തപുരം: ശബരിമല-പിറവം വിഷയത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിറവം പള്ളിക്കേസില്‍ ഹൈക്കോടതി ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി. അത് വിമര്‍ശനമോ കോടതി നിലപാടോ ആയി കാണേണ്ടതില്ല. കേസില്‍ കോടതിയക്ഷ്യം അപേക്ഷ സുപ്രീംകോടതിതന്നെ തള്ളിയിട്ടുള്ളതാണെന്നും കേസിലെ സമവായ ചര്‍ച്ചകള്‍ സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിറവം പള്ളിക്കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെന്നും പിറവവും ശബരിമലയും വ്യത്യസ്ത പ്രശ്‌നമാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിറവം പള്ളിക്കേസ്, ശബരിമല വിഷയങ്ങളിലെ കോടതിവിധി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെ പറഞ്ഞിരുന്നു. ശബരിമലയില്‍ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കാതെ പറയുന്നത് വിചിത്ര ന്യായങ്ങളാണെന്നും ഈ ഇരട്ടത്താപ്പ് സാധാരണക്കാര്‍ക്ക് ദഹിക്കുന്നതല്ലെന്നും കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞിരുന്നു.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നുവെന്നും സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പിറവം പള്ളിക്കേസില്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി പിറവം പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധിയെ താരതമ്യം ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. പിറവം പള്ളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല. എന്നാല്‍ ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നത്.
ശബരിമല വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഉന്നയിച്ച പ്രധാന ആക്ഷേപങ്ങളിലൊന്നായിരുന്നു പിറവം പള്ളിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലയെന്നത്. ഈ വിമര്‍ശനങ്ങള്‍ക്കാണ് കോടതി തന്നെ മറുപടി നല്‍കിയിരുന്നത്.