യാത്രകളുടെ ചിലവുകള്‍ ഏത് ഫണ്ടില്‍ നിന്നാണെന്ന് അന്വേഷിക്കാറില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍; മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി
Kerala News
യാത്രകളുടെ ചിലവുകള്‍ ഏത് ഫണ്ടില്‍ നിന്നാണെന്ന് അന്വേഷിക്കാറില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍; മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th January 2018, 7:15 pm

ഇടുക്കി: ഹെലികോപ്ടര്‍ യാത്രാ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തം പരിശോധിക്കാന്‍ വന്ന കേന്ദ്ര സംഘത്തെ കാണാനാണ് പോയതെന്നും എന്നാല്‍ മോഷണം നടത്തിയെന്ന തരത്തിലാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അത് ആക്ഷേപമാവും.. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറില്‍ യാത്ര ചെയ്താലും ചെലവു വഹിക്കുന്നതു സര്‍ക്കാരാണ്. എന്നാല്‍ ഏത് ഫണ്ടില്‍ നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

തന്റെ ആകാശയാത്രയെ വിമര്‍ശിക്കുന്ന യു.ഡി.എഫ് നേതാക്കള്‍ മുമ്പ് മുന്‍ മുഖ്യമന്ത്രി ഇടുക്കിയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര കൂടി പരിശോധിക്കണമെന്നും അന്നത്തെ യാത്രയും ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണമെടുത്തായിരുന്നെന്നും പിണറായി പറഞ്ഞു. തന്നെ വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തിലെ കാര്യം ഒന്നു നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇത്തരം യാത്രകള്‍ ആവശ്യമായിരിക്കുമെന്നും ഇനിയും ഇത്തരം യാത്രകള്‍ വേണ്ടി വരുമെന്നും പിണറായി പറഞ്ഞു. തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിയാന്‍ കഴിയുന്ന പദവിയലല്ലോ താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് വിമര്‍ശനങ്ങള്‍ക്ക് പിണറായി മറുപടി നല്‍കിയത്. നേരത്തെ തൃശൂര്‍ സി.പി.ഐ.എം സമ്മേളനവേദിയില്‍നിന്ന് ഓഖി സംഘത്തെ കാണാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. യാത്രയ്ക്ക ചിലവായ എട്ടുലക്ഷം ഓഖി ഫണ്ടില്‍ നിന്നെടുത്തതാണ് വിവാദമായത്.