തിരുവനന്തപുരം: മംഗളൂരുവിലെത്തുന്ന പിണറായിയെ തടയുമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്ചയിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്നായിരുന്നു തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
25ാം തീയ്യതി രണ്ട് പരിപാടികള്‍ മംഗളൂരുവിലുണ്ടെന്നും അതില്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്നും പിണറായി വ്യക്തമാക്കി. മംഗളൂരുവിലെ സന്ദര്‍ശനം തടയുമെന്ന് സംഘപരിവാര്‍ വെല്ലുവിളിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് പിണറായി സന്ദര്‍ശനം ഉണ്ടാകുമെന്ന് വ്യക്തമാക്കിയത്.
“അങ്ങനെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ? മംഗലാപുരത്ത് ഒരു പരിപാടി ഉണ്ടെന്നത് വസ്തുതയാണ്. ആ പരിപാടി, അവിടെയൊരു മതസൗഹാര്‍ദ റാലി സംഘടിപ്പിക്കുന്നതാണ്. പിന്നെയൊരു മാധ്യമത്തിന്റെ ഉദ്ഘാടനവുമുണ്ട്. അങ്ങനെ രണ്ട് പരിപാടിയാണ് 25-ാം തീയതി ഉള്ളത്. അതിനു പോകാന്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ ഇപ്പോള്‍ എനിക്കറിയില്ലെന്നും” പറഞ്ഞ പിണറായി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി.
പിണറായിയുടെ പരിപാടി നിശ്ചയിച്ചിട്ടുള്ള ശനിയാഴ്ച മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘപരിവാര്‍ കേരള മുഖ്യമന്ത്രിക്ക് മറ്റു സംസ്ഥാനങ്ങളിലെ മത സൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞിരുന്നു. നേരത്തെ ഭോപ്പാലില്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിണറായിക്ക് നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ മംഗളൂരുവില്‍ പങ്കെുക്കുക തന്നെ ചെയ്യുമെന്നാണ് പിണറായി വ്യക്തമാക്കിയത്.