| Friday, 22nd February 2013, 3:04 pm

ഐ.എ.എസുകാരുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക മന്ത്രിമാരും അഴിമതി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.  അതാത് വകുപ്പുകളിലെ സെക്രട്ടറിമാര്‍ അറിയാതെ മന്ത്രിമാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഉത്തരവുകള്‍ പുറത്തിറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. []

മന്ത്രിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാല്‍ അഴിമതി കേസുകളില്‍ കുടുങ്ങുമെന്നതിനാല്‍ ഇനിമുതല്‍ ക്യാബിനറ്റ് നോട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതിനെക്കുറിച്ചായിരുന്നു പിണറായിയുടെ പ്രതികരണം. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി നാലിന് കൂടിയ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അത്തരമൊരു തീരുമാനം.

ഭക്ഷ്യ സിവില്‍ സര്‍വീസ് വകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ഭക്ഷ്യവകുപ്പ് മന്ത്രിക്കെതിരെ രണ്ട് വിജിലന്‍സ് അന്വേഷണങ്ങളാണ് നടക്കുന്നത്. ഇത് വിരല്‍ചൂണ്ടുന്നത് വകുപ്പിലെ നഗ്‌നമായ അഴിമതിയിലേക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിസഭയിലെ ഏത് വകുപ്പിലാണ് അഴിമതി നടക്കാത്തത് എന്നകാര്യത്തിലാണ് സംശയം. അഴിമതിയുടെ കാര്യത്തില്‍ കേന്ദ്രമാതൃക പിന്‍തുടര്‍ന്നാണ് സംസ്ഥാനം മുന്നേറുന്നതെന്നും പിണറായി പരിഹസിച്ചു.

സംസ്ഥാന സര്‍ക്കാര്‍ താഴെ ഇറങ്ങണമെന്നാണ് ജനങ്ങളുടെ താല്‍പര്യം. സര്‍ക്കാരിന്റെ പതനത്തിന് വേഗം കൂട്ടുന്ന നടപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാല്‍ സര്‍ക്കാരിനെ താഴെയിടാന്‍ ഉപജാപങ്ങള്‍ നടത്തില്ല.

തട്ടിക്കൂട്ട് മന്ത്രിസഭയുണ്ടാക്കാന്‍ തയ്യാറല്ലെന്ന് എല്‍.ഡി.എഫ് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് മുന്നിലും എല്‍.ഡി.എഫിന്റെ വാതില്‍ അടച്ചിടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ സ്ഥാനത്തു നിന്നും വി.എസ് അച്യുതാനന്ദനെ നീക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. വിഎസിന്റെ മറുപടി കൊണ്ട് തൃപ്തിയടയാനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെത്തുന്ന സി.പി.ഐ എം അഖിലേന്ത്യാ ജാഥയെക്കുറിച്ച് വിശദീകരിക്കാനായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more