കായംകുളം: രാജ്യത്ത് അരക്ഷിതാവസ്ഥ വര്‍ധിക്കുകയാണെന്നും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഭരണത്തില്‍ സ്വന്തം പക്ഷത്തുള്ള തൊഗാഡിയക്ക് പോലും രക്ഷയില്ലാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ ശ്രദ്ധ ഇപ്പോള്‍ എങ്ങോട്ടാണെന്നും പിണറായി ചോദിച്ചു.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത് ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തണമെന്ന ആര്‍.എസ്.എസ് നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പ്ലാനിങ് ബോര്‍ഡ് ഇല്ലാതാക്കിയത് ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്ററി സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും പിണറായി പറഞ്ഞു.
നവ ഉദാരീകരണ നയക്കാരുമായി ഒരു സഖ്യവുമില്ലെന്നും നവ ഉദാരീകരണ നയങ്ങളിലൂടെ രാജ്യത്തെ ബി.ജെ.പിക്ക് കൈമാറിയ കോണ്‍ഗ്രസുമായി ഈ വിഷയത്തില്‍ എങ്ങനെ സഹകരിക്കാന്‍ കഴിയുമെന്നും പിണറായി ചോദിച്ചു. അതേ സമയം വിശാല മതേതരചേരി രൂപപ്പെടുത്തിയാല്‍ അതില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.