കോഴിക്കോട്: പിറവം ഉപതിരരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കഴിഞ്ഞ തവണത്തേക്കാള്‍ എല്‍.ഡി.എഫിന്റെ വോട്ട് കൂടുകയും ചെയ്തു. യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നപ്പോഴാണ് എല്‍.ഡി.എഫ് വിജയിച്ചത്. ഇത്തവണ യു.ഡി.എഫില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എല്‍.ഡി.എഫിന്റെ ഏതെങ്കിലും പിഴവുകൊണ്ടല്ല പരാജയപ്പെട്ടത്.
എല്‍.ഡി.എഫിന്റെ വോട്ടുകള്‍ കൃത്യമായി സ്ഥാനാര്‍ഥിക്ക് ലഭിച്ചു. വിജയത്തില്‍ യു.ഡി.എഫിന് ആഹ്ലാദിക്കാന്‍ വകയില്ല. സംസ്ഥാന സര്‍ക്കാറിനെതിരായ വികാരത്തെ മറ്റു ചില മാര്‍ഗ്ഗങ്ങളിലൂടെ മറികടക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ജാതി,മത ശക്തികളുടെ സഹായത്തോടെയാണ് യു.ഡി.എഫ് വിജയിച്ചത്.
ജാതിമതശക്തികളുടെ ഏകീകരണത്തിനു പുറമേ പണത്തിന്റെ കുത്തൊഴുക്കുമുണ്ടായി. ഭരണത്തിന്റെ അധികാരം തെറ്റായി ഉപയോഗിച്ചു. യു.ഡി.എഫ് പണം കൊടുത്ത് വ്യക്തികളെയും ശക്തികളെയും സ്വാധീനിച്ചു. അതുകൊണ്ടു തന്നെ ഭരണവിരുദ്ധവികാരം ഒരു പരിധിവരെ തടയാന്‍ യുഡിഎഫിനായി. പിറവത്തെ വിജയത്തിന്റെ പശ്ചാത്തലത്തിലും യു.ഡി.എഫിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സമരപരിപാടികളുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് പിണറായി പറഞ്ഞു.