കെ.എസ്.ആര്‍.ടി.സി നന്നാക്കിയിട്ടാകാം എയര്‍കേരള: പിണറായി വിജയന്‍
Daily News
കെ.എസ്.ആര്‍.ടി.സി നന്നാക്കിയിട്ടാകാം എയര്‍കേരള: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th June 2016, 6:49 pm

pinarayi668

തിരുവനന്തപുരം:  ആദ്യം കെ.എസ്.ആര്‍.ടി.സി നന്നാക്കി കാണിച്ചിട്ട് മതി എയര്‍കേരളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ വ്യോമയാന നയത്തിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തി എയര്‍ കേരള തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി.

വിമാനക്കമ്പനികള്‍ അവധിക്കാലങ്ങളില്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇങ്ങനെ വിമാനക്കമ്പനികള്‍ ചെയ്യാമോ എന്ന നിലപാടാണ് കേന്ദ്രമന്ത്രിയും പ്രകടിപ്പിച്ചത്. നിരക്ക് കൊള്ളയുടെ പ്രശ്‌നം വ്യോമായന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുഷമാസ്വരാജ് ഉറപ്പു നല്‍കിയതായും പിണറായി പറഞ്ഞു.

പുതിയ വ്യോമനയത്തിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ള വിമാന കമ്പനികള്‍ക്കേ അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കൂ എന്ന ചട്ടം എടുത്തുകളഞ്ഞെങ്കിലും അന്താരാഷ്ട്ര സര്‍വീസ് അനുവദിക്കണമെങ്കില്‍ ഇരുപതിലധികം വിമാനങ്ങള്‍ വേണമെന്നത് എയര്‍കേരളയ്ക്ക് തിരിച്ചടിയായിരുന്നു.