തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിക്കാന്‍ അദാനി കമ്പനിക്ക് സര്‍ക്കാര്‍ അനുവദിച്ച നിരക്കിളവ് പിന്‍വലിക്കാന്‍ ആകില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളവ് പിന്‍വലിക്കണമെന്നാവശ്യപ്പെടാന്‍ പോയ സര്‍വകക്ഷി സംഘത്തെ, തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പോലും അവസരം നല്‍കാതെ മുഖ്യമന്ത്രി മടക്കിയയച്ചു.
Also Read: യു.എസും ഇസ്രാഈലും യുനെസ്‌കോ വിട്ടു; നടപടി പാലസ്തീന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച്
“എം.എല്‍.എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പിടൂ” എന്ന് പറഞ്ഞ് മുഖ്യമന്ത്രി സംഘത്തെ മടക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, എം.എല്‍.എ ഹൈബി ഈഡന്‍ എന്നിവരടങ്ങിയ സര്‍വകക്ഷി സംഘത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍പ്പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജനപ്രതിനിധികളുടെ സംഘം പറയുന്നു.
ചര്‍ച്ചയ്ക്ക് താന്‍ സമയം അനുവദിച്ചിട്ടില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാടെന്നും ചര്‍ച്ചയ്ക്ക് നേരത്തെ അനുമതി നല്‍കിയിട്ടുണ്ടെന്ന് സംഘം ബോധിപ്പിച്ച മേയര്‍ സൗമിനി ജെയിന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടപെട്ട മുഖ്യമന്ത്രി അതെല്ലാം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിങ്ങള്‍ അത് നടപ്പാക്കിയാല്‍ മാത്രം മതിയെന്ന് കര്‍ശനമായി പറയുകയുമായിരുന്നു.
എം.എല്‍.എയും ഡെപ്യൂട്ടി മേയറും വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നാണ് സംഘത്തിന്റെ പരാതി. ഇതേത്തുടര്‍ന്ന് തങ്ങളുടെ പരാതി അവരിപ്പിക്കാന്‍ വരെ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.
ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് വിശദീരിക്കാന്‍ നോക്കിയപ്പോഴും മുഖ്യമന്ത്രി അനുവദിച്ചില്ല. സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് വിനോദ് പറഞ്ഞതും മുഖ്യമന്ത്രി ഉള്‍ക്കൊണ്ടില്ല. ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. പറഞ്ഞപ്പോള്‍ ജനങ്ങളുടെ ആശങ്കയൊന്നും ഇതിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചര്‍ച്ചകള്‍ക്കായി ആരെയെങ്കിലും നിയോഗിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞെങ്കിലും ചര്‍ച്ചയൊന്നുമില്ലെന്ന് മുഖ്യമന്ത്രി കര്‍ശനമായി പറഞ്ഞു. ചര്‍ച്ച വഴിമുട്ടിയതോടെ അഞ്ചു മിനിറ്റിനുള്ളില്‍ത്തന്നെ നിവേദക സംഘത്തിന് പുറത്തേക്കിറങ്ങേണ്ടി വന്നു. ഇക്കാര്യത്തില്‍ ഹൈബി ഈഡന്‍ പിന്നീട് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കി.
കമ്പനിക്ക് ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന പ്രാദേശിക സി.പി.ഐ.എം. നേതൃത്വത്തിന് അദാനി കമ്പനിക്ക് അനുകൂലമായി മുഖ്യമന്ത്രി ഉറച്ച നിലപാട് സ്വീകരിച്ചതോടെ നയം മാറ്റേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അദാനി കമ്പനിക്ക് ഇളവ് അനുവദിക്കുന്നത് ശരിയല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.ഐ.